മാനസികാരോഗ്യം ഉറപ്പാക്കും; ദുരന്തമേഖലയില്‍ കൂടുതല്‍ സൈക്യാട്രി ഡോക്ടര്‍മാര്‍

തിരുവനന്തപുരം: വയനാട് ദുരന്ത മേഖലയില്‍ സേവനത്തിന് കൂടുതല്‍ മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള സൈക്യാട്രി വിദഗ്ധ ഡോക്ടര്‍മാരെ കൂടി നിയോഗിക്കാന്‍ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പിലെ സൈക്യാട്രിസ്റ്റുകള്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും പുറമേയാണിത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.

വ്യക്തിഗത കൗണ്‍സിലിങ്ങും ഗ്രൂപ്പ് കൗണ്‍സിലിങ്ങും നല്‍കി വരുന്നു. ഇന്ന് മാത്രം 100 അംഗ മാനസികാരോഗ്യ ടീം 13 ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. 222 പേര്‍ക്ക് ഗ്രൂപ്പ് കൗണ്‍സിലിംഗും 386 പേര്‍ക്ക് സൈക്കോസോഷ്യല്‍ ഇന്റര്‍വെന്‍ഷനും 18 പേര്‍ക്ക് ഫാര്‍മാക്കോ തെറാപ്പിയും നല്‍കി. ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്ത് ടീം ഇതുവരെ 1592 വീടുകള്‍ സന്ദര്‍ശിച്ച് ആരോഗ്യ പരിചരണം ഉറപ്പാക്കി.

ഇന്ന് മാത്രം 12 ഹെല്‍ത്ത് ടീമുകള്‍ 274 വീടുകള്‍ സന്ദര്‍ശിച്ചു. പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രോട്ടോകോള്‍ പ്രധാനമായും ശ്രദ്ധിക്കണം. ആരോഗ്യ വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇടക്കിടക്ക് ക്യാമ്പുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തണം. പോരായ്മകള്‍ കണ്ടെത്തി അടിയന്തരമായി പരിഹരിക്കണം. ആയുഷ് മേഖലയിലെ സേവനം കൂടി ലഭ്യമാക്കുന്നുണ്ട്. ഇതുവരെ 91 ഡി.എന്‍.എ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതായും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!