യുവ ഡോക്ടര്‍ പീഡനത്തിന് ഇരയായി മരിച്ച സംഭവം; യുവതി നേരിട്ടത് കൊടും പീഡനം…കേരളത്തിൽ നാളെ പ്രതിഷേധം

കൊല്‍ക്കത്തയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പി ജി ട്രെയിനി ഡോക്ടര്‍ നേരിട്ടത് കൊടും ക്രൂരത. 31 കാരിയായ യുവതിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

കണ്ണില്‍ നിന്നും വായില്‍ നിന്നും സ്വകാര്യഭാഗങ്ങളില്‍ നിന്നടക്കം രക്തം ഒഴുകുന്ന നിലയിലായിരുന്നു. ഇടത് കാല്‍, വയര്‍, കഴുത്ത്, വലതുകൈ, മോതിരവിരല്‍, ചുണ്ട് എന്നിവിടങ്ങളിലെല്ലാം മുറിവുകളുണ്ടായിരുന്നു. കഴുത്തിലെ എല്ല് പൊട്ടിയ നിലയിലാണ്. ഇത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സംഭവിച്ചതാകാമെന്നും മരണ കാരണമായിട്ടുണ്ടാകാമെന്നുമാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

അതേസമയം വിദ്യാർഥിനിയുടെ കൊലപാതകത്തിൽ കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലും മെഡിക്കൽ അധ്യാപകർ, പി.ജി ഡോക്ടർമാർ , ഹൌസ് സർജൻസ്, മെഡിക്കൽ വിദ്യാർഥികൾ എന്നിവർ ചേർന്ന് തിങ്കളാഴ്ച പ്രതിഷേധം നടത്തും. രാവിലെ 10.30 നാണ് പ്രതിഷേധം.

ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ ശക്തമായി അപലപിച്ചു. രാത്രി ഡ്യൂട്ടിയും അത്യാഹിത വിഭാഗം ഡ്യൂട്ടിയും ജോലിയുടെ ഭാഗമായ വനിതാ ഡോക്ടർമാരുടെ സുരക്ഷിതത്വം എന്നും ആശങ്ക ഉളവാക്കുന്നതാണ്. ഭയരഹിതമായി ജോലി നിർവഹിക്കുവാൻ ഉള്ള അവസരം ഉണ്ടാക്കേണ്ടത് അതാത് സർക്കാരുകളുടെ ഉത്തരവാദിത്തം ആണ്.

വീഴ്ചകൾ ഉണ്ടാകാതെ നോക്കേണ്ടതിൽ അലംഭാവം ഉണ്ടാകുന്നത് മാത്രമല്ല, യഥാർഥ കുറ്റവാളികളെ എത്രയും വേഗം കണ്ടുപിടിച്ച് നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്നു മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്തുന്നതിലും പരാജയപ്പെടുന്ന അവസ്ഥയാണ് കാണപ്പെടുന്നത്. ഈ സംഭവത്തിൽ യഥാർഥ കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുകയും, ജോലിസ്ഥലത്തു സുരക്ഷ ഉറപ്പ് വരുത്താനുള്ള നടപടികൾ സ്വീകരിക്കുകയും വേണമെന്ന് ഡോക്ടറുമാരുടെ സംഘടന ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!