ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വയനാട്ടിൽ എത്തും. വയനാട്ടിലെ ദുരന്തബാധിത മേഖല സന്ദർശിക്കാൻ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഉരുൾപൊട്ടൽ ഉണ്ടായ മേഖലകളിൽ ഹെലികോപ്റ്റർ പര്യടനം നടത്തി വിലയിരുത്തും.
ദുരന്ത മേഖലകൾ കൂടാതെ ദുരിതബാധിതരായ ജനങ്ങൾ കഴിയുന്ന വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളും ആശുപത്രികളും പ്രധാനമന്ത്രി സന്ദർശിക്കും. ഡൽഹിയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി തുടർന്ന് ഹെലികോപ്റ്റർ മാർഗ്ഗമായിരിക്കും വയനാട്ടിൽ എത്തുക.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്റർ പര്യടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പമുണ്ടാകും. ഉരുൾപൊട്ടൽ ദുരന്തം സാരമായി ബാധിച്ച പ്രദേശങ്ങളിൽ ഹെലികോപ്റ്ററിൽ പര്യടനം നടത്തിയ ശേഷം കൽപ്പറ്റയിൽ ഹെലികോപ്റ്റർ ഇറക്കും എന്നാണ് സൂചന. തുടർന്ന് റോഡ് മാർഗ്ഗം മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലേക്ക് പ്രധാനമന്ത്രി എത്തുമെന്നും കരുതപ്പെടുന്നു.
ഡൽഹിയിൽ നിന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ശനിയാഴ്ച രാവിലെ വയനാട്ടിൽ എത്തുന്ന പ്രധാനമന്ത്രി വൈകിട്ട് 3 : 30 ന് തിരികെ ഡൽഹിയിലേക്ക് മടങ്ങും.
വയനാട് ദുരന്തത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമോ എന്നുള്ള കാര്യം പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുശേഷം ആയിരിക്കും തീരുമാനിക്കുക.