വയനാട് : മധുവിധു ആഘോഷിക്കാൻ വയനാട്ടിലെത്തി ദുരന്തത്തില്‍പെട്ട ഒഡിഷ സ്വദേശി പ്രിയദർശിനി പോള്‍ ഒറ്റക്ക് നാട്ടിലേക്ക് മടങ്ങി. പ്രിയതമന്റെ ഉയിരെടുത്ത ഉരുള്‍ ബാക്കിവെച്ച ജീവിതവുമായാണ് പ്രിയ മടങ്ങുന്നത്.
ഭുവനേശ്വർ ഹൈടെക് ആശുപത്രിയിലെ നഴ്സായ പ്രിയദർശിനി പോള്‍ ഭർത്താവ് ഭുവനേശ്വർ എയിംസിലെ ഡോക്ടർ ബിഷ്ണു പ്രസാദ് ചിന്നാര, സുഹൃത്തുക്കളായ സ്വധീൻ പാണ്ട, ഭാര്യ ശ്രീകൃതി മോഹ പത്ര എന്നിവരാണ് മധുവിധു ആഘോഷിക്കാനെത്തി ഉരുള്‍ ദുരന്തത്തില്‍ പെടുന്നത്. ഇവരില്‍ പ്രിയദർശിനിയും ശ്രീകൃതിയും മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ശ്രീകൃതി ചികിത്സയില്‍ തുടരുകയാണ്.
ഉരുള്‍പൊട്ടലിന്റെ മൂന്ന് ദിവസം മുൻപാണ് ഇവർ വെള്ളാർമല ലിനോറ വില്ല റിസോർട്ടില്‍ എത്തുന്നത്. രണ്ടു ദിവസത്തെ താമസത്തിനാണ് എത്തിയതെങ്കിലും ഒരു ദിവസം കൂടി നീട്ടുവാൻ തീരുമാനിക്കുകയായിരുന്നു. രാത്രി വൈകിയാണ് കിടന്നത്. അധികം വൈകാതെ വൻ ശബ്ദം കേട്ട് ഉണരുമ്പോള്‍ താമസിച്ചിരുന്ന റിസോർട്ട് മണ്ണിൽ പുതഞ്ഞിരുന്നു.
കഴുത്തൊപ്പം ഉയർന്ന ചളിയില്‍ 200 മീറ്ററോളം ഒഴുകിപ്പോയ പ്രിയദർശിനിയും ശ്രീകൃതിയും സ്കൂള്‍ പരിസരത്ത് തങ്ങിനിന്നു. ഇവരുടെ നിലവിളികേട്ട് ഓടിയെത്തിയ പൊലീസ് ഉദ്യോഗസ്ഥരായ ജബലു റഹ്മാനും സുഹൃത്തും ചേർന്ന് ഇവരെ വലിച്ച് കയറ്റി. കൂടെ രണ്ടുപേർ കൂടി ഉണ്ടായിരുന്നുവെന്ന് പ്രിയദർശിനി പറഞ്ഞതോടെ അവരെ തിരയാൻ തുടങ്ങി. ഉടൻ തന്നെ അടുത്ത ഉരുളും പൊട്ടിയതോടെ അവിടെ നിന്ന് രക്ഷപ്പെടാനേ അവർക്ക് കഴിഞ്ഞുള്ളൂ.
കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തിരച്ചിലില്‍ ചൂരല്‍മലയില്‍ നിന്നും ഭർത്താവ് ബിഷ്ണു പ്രസാദ് ചിന്നാരയുടെ മൃതദേഹം കണ്ടെത്തി. നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയച്ചെങ്കിലും ഗുരുതര പരിക്കുകളേറ്റ് ചികിത്സയില്‍ തുടരുന്നതിനാല്‍ പ്രിയദർശിനിക്ക് ഒപ്പം പോകാനായില്ല. ഇവരുടെ സുഹൃത്ത് ഡോക്ടർ സ്വാധീൻ പാണ്ടയെ ഇതുവരെ കണ്ടെത്തനായിട്ടില്ല.