കല്പറ്റ : കേരളത്തെ കണ്ണീരിലാഴ്‌ത്തിയ ഉരുള്‍പൊട്ടലായിരുന്നു വയനാട്ടിലേത്. രക്ഷാപ്രവർത്തനത്തിനായി ബുധനാഴ്ച വൈകിട്ട് മുതല്‍ അഹോരാത്രം പ്രയത്‌നിച്ച് 26 മണിക്കൂറില്‍ സൈന്യം യാഥാർത്ഥ്യമാക്കിയ ബെയ്‌ലി പാലം ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയുടെ ഫലമായിരുന്നു. ആ വെല്ലുവിളി നിറഞ്ഞ ദൗത്യം ഏറ്റെടുത്തവരില്‍ ഒരു വനിതാ മേജറും ഉണ്ട്. ബെയ്‌ലി പാലം യാഥാർത്ഥ്യമാക്കിയ മദ്രാസ് എൻജിനീയറിംഗ് ഗ്രൂപ്പിലെ മേജർ സീത ഷെല്‍ക്കെ.
ദുരന്തമുഖങ്ങളില്‍ സ്ത്രീകള്‍ക്കൊന്നും ചെയ്യാനില്ലെന്ന പല്ലവി തിരുത്തിക്കുറിക്കുകയാണ് മേജർ സീത ഷെല്‍ക്കെ. പാലം നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും സീത ഷെല്‍ക്കെയുടെ മേല്‍നോട്ടം ഉണ്ടായിരുന്നു. ഓരോ ഭാഗങ്ങളും കൂട്ടിയോജിപ്പിക്കുമ്ബോള്‍ അത് സർവതും നഷ്ടപ്പെട്ട ഒരു ജനതയുടെ അവസാന പ്രതീക്ഷയിലേക്കുളള പാലമാണെന്ന് അവർക്ക് അറിയാമായിരുന്നു. രാത്രിയില്‍ പാലത്തിന്റെ ഗർഡറുകള്‍ ഉറപ്പിക്കുന്ന ഘട്ടത്തില്‍ അതിനു മുകളിലുണ്ടായിരുന്നു സീത ഷെല്‍ക്കെ. അങ്ങനെ ഓരോന്നും സൂക്ഷ്മതയോടെ നിരീക്ഷിച്ചും നിർദ്ദേശം നല്‍കിയും അവർ മുന്നില്‍ നിന്നു.
മേജർ സീത ഷെല്‍ക്കെയും മേജർ അനീഷുമടങ്ങുന്ന സംഘത്തിനായിരുന്നു ബെയ്‌ലി പാലത്തിന്റെ നിർമാണ ചുമതല. എല്ലാത്തിനും മേല്‍നോട്ടം വഹിച്ച് വയനാട്ടിലെ സൈനിക ദൗത്യത്തിന്റെ ചുമതല വഹിക്കുന്ന വിടി മാത്യുവും. കൂടുതലും മനുഷ്യ അധ്വാനം വേണ്ടി വരുന്നതാണ് ബെയ്‌ലി പാലം നിർമാണം. കാരണം യന്ത്രസാമഗ്രികള്‍ എത്തിക്കാൻ കഴിയാത്ത മേഖലകളില്‍ പോലും പ്രയോജനപ്പെടത്തക്ക വിധത്തിലാണ് ഇതിന്റെ സാങ്കേതികത.
മുണ്ടക്കൈയെയും അട്ടമലയെയും ബന്ധിപ്പിക്കുന്ന ചൂരല്‍മലയിലെ പാലം ഉരുള്‍പൊട്ടലില്‍ തകർന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. തുടർന്നാണ് ബെയ്‌ലി പാലം നിർമിക്കുന്നതിന്റെ സാദ്ധ്യതകള്‍ പരിശോധിച്ചത്.
24 ടണ്‍ ഭാരം വഹിക്കാൻ ശേഷിക്കുള്ള 190 അടി പാലമാണ് സൈന്യം യാഥാർത്ഥ്യമാക്കിയത്. ഭാരത് മാതാ കി ജയ് വിളികളോടെയാണ് പാലം പൂർത്തിയാക്കിയതിലെ സന്തോഷം സൈനികർ പങ്കുവച്ചത്. പിന്നാലെ സൈന്യത്തെയും മേജർ സീത ഷെല്‍ക്കെയെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്.