വിശാൽ വധക്കേസ് : കാമ്പസ് ഫ്രണ്ട് തീവ്രസ്വഭാവമുള്ള സംഘടനയല്ലെന്ന് സാക്ഷിയായ ഡിവൈഎഫ്ഐ നേതാവ്…

മാവേലിക്കര :  കാമ്പസ് ഫ്രണ്ട് തീവ്രസ്വഭാവമുള്ള സംഘടനയല്ലെന്ന് ചെങ്ങന്നൂർ വിശാൽ വധക്കേസിലെ സാക്ഷിയായ ഡി.വൈ.എഫ്.ഐ നേതാവ് അഖിൽ കോടതിയിൽ മൊഴി നൽകി. സംഭവകാലത്ത് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ എസ്.എഫ്.ഐ യുണീറ്റ് സെക്രട്ടറിയും നിലവിൽ ഡി.വൈ.എഫ്.ഐ ചെങ്ങന്നൂർ ലോക്കൽ കമ്മിറ്റി അംഗവുമായ അഖിൽ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിൽ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നൽകുകയായിരുന്നു.

പൊലിസിന് ഇയാൾ നേരത്തെ നല്കിയ മൊഴി ഇയാൾ കോടതിയിൽ നിഷേധിച്ചതിനെ തുടർന്ന് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ സാക്ഷി കൂറുമാറിയതായി കണ്ട് വിശദമായ ക്രോസ് വിസ്താരം നടത്തി.

എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യുവിനെ കൊലപ്പെടുത്തിയത് കാമ്പസ് ഫ്രണ്ടുകാരാണെന്ന് സാക്ഷി സമ്മതിച്ചു. എന്നാൽ കണ്ണുരിൽ സച്ചിനെ കൊലപ്പെടുത്തിയത് കാമ്പസ് ഫ്രണ്ടുകാരാണോ എന്ന് അറിയില്ലെന്നും ഇയാൾ പറഞ്ഞു.

വിശാൽ കേസിലെ ഒന്നാം പ്രതിയായ കാമ്പസ് ഫ്രണ്ട് പ്രവർത്തകൻ നൈസാം, കോളേജിൽ ആദ്യവർഷത്തിൽ എസ്.എഫ്.ഐയിൽ പ്രവർത്തിച്ചിരുന്നതായി സമ്മതിച്ചു. വിശാലിനെ കൊലപ്പെടുത്തിയത് കാമ്പസ് ഫ്രണ്ടുകരാണെന്ന് അറിവില്ല എന്നും കേസിലെ പ്രതികളായ നൈസാം, ആസിഫ് തുടങ്ങിയവർ കോളേജിലെ കാമ്പസ് ഫ്രണ്ട്കാരാണെന്നും ഇയാൾ കോടതിയിൽ പറഞ്ഞു. തുടർ സാക്ഷി വിസ്താരം വെള്ളിയാഴ്ച നടക്കും.

കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ.പ്രതാപ് ജി.പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ് , ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!