ജലനിരപ്പിൽ നിന്ന് 25 അടി താഴ്ചയിൽ വരെ യന്ത്രക്കൈകൾ എത്തും; പുറപ്പെടാൻ സജ്ജമായി ഡ്രഡ്ജർ

തൃശൂർ: അർജുന്റെ ജീവനായി കേരളക്കര പ്രാർഥനയോടെ കാത്തിരിക്കുമ്പോൾ തൃശൂരിൽ നിന്നും ഡ്രഡ്ജിങ് യന്ത്രം ഗംഗാവലി പുഴയിലെ തിരച്ചിലിന് പുറപ്പെടാൻ സജ്ജമായി. ഇതിനു മുന്നോടിയായി കാർഷിക സർവകലാശാലയിലെ ഒരു ഉദ്യോഗസ്ഥനും ഓപ്പറേറ്ററും ഗംഗാവലിയിലേയ്ക്ക് പുറപ്പെട്ടു. ശക്തമായ ഒഴുക്കുള്ള പുഴയിൽ ഇത് പ്രവർത്തിപ്പിക്കാനാകുമോ എന്ന് പരിശോധിക്കുകയാണ് ഇവർ ചെയ്യുക ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും യന്ത്രം പുറപ്പെടുക.

ജലനിരപ്പിൽ നിന്ന് 25 അടി താഴ്ചയിൽ വരെ യന്ത്രത്തിന്റെ കൈകൾ എത്തും. ശക്തമായ ഒഴുക്കിൽ യന്ത്രം പ്രവർത്തിക്കുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഒരു ബോട്ടിൽ ഘടിപ്പിച്ച മണ്ണുമാന്തി യന്ത്രമാണിത്. ജലോപരിതലത്തിൽ പൊങ്ങിക്കിടന്നാണ് പ്രവർത്തിക്കുക. തൃശൂർ ജില്ല കലക്ടറും ഷിരൂരിലെ ജില്ലാ ഭരണാധികാരിയും ചർച്ചനടത്തിയതിനു ശേഷമാണ് ഡ്രഡ്ജർ അയയ്ക്കാൻ തീരുമാനിച്ചത്.

കാർഷിക സർവകലാശാല രൂപപ്പെടുത്തിയ ഈ ഡ്രഡ്ജിങ് ക്രാഫ്റ്റ് ഇപ്പോൾ തൃശൂരിലെ എൽത്തുരുത്ത് കനാലിലാണുള്ളത്. അവിടെ പായലും ചെളിയും നീക്കിവരികയാണ്. കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ ട്രക്ക് ഡ്രൈവർ അർജുനെ കാണാതായിട്ട് 14 ദിവസം പിന്നിടുകയാണ്. തിരച്ചിൽ നിർത്തിവയ്ക്കരുതെന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടകയ്ക്ക് കത്തയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!