രാജാക്കാട് : വെസ്റ്റ് ബംഗാൾ സ്വദേശിനിയായ 15 കാരിയെ
ബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതി മദ്ധ്യപ്രദേശ് സ്വദേശിയായ ഖേം സിംഗ് അയം( 27)മിനെ 33 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി പോക്സോ ജഡ്ജ് ജോൺസൺ എം. ഐ. വിധിച്ചു.
പിഴ സംഖ്യ പ്രതി അടക്കാതിരുന്നാൽ ഒരു വർഷം അധിക തടവും അനുഭവിക്കണം. പിഴ സംഖ്യ അടക്കുകയാണെങ്കിൽ തുക പെൺകുട്ടിക്ക് നകണം. കൂടാതെ ഇടുക്കി ജില്ല ലീഗൽ സർവീസസ് അതോറിറ്റിയുടെ വിക്ടിം കോമ്പൻസേഷൻ സ്കീമിൽ നിന്നും നഷ്ടപരിഹാരം അനുവദിക്കാനും കോടതി ഉത്തരവായി.
വിവിധ വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതി 20 വർഷം കഠിന തടവ് അനുഭവിച്ചാൽ മതി. 2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെസ്റ്റ് ബംഗാളിൽ നിന്നും ജോലിക്കായി രാജകുമാരിയിൽ മാതാപിതാക്കളോടൊപ്പം എത്തിയതായി രുന്നു 15 വയസുകാരിയായ പെൺകുട്ടി.
പെൺകുട്ടിയും കുടുംബവുമായി സൗഹൃദത്തിലായ ഒന്നാം പ്രതി മഹേഷ് കുമാർ യാദവ് പെൺകുട്ടിയെ രണ്ടാം പ്രതി താമസിക്കുന്ന ഖജനാപ്പാറയിലെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോകുകയും അവിടെ വെച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തു. തുടർന്ന് രണ്ടാം പ്രതിയായ ഖേം സിംഗ് പെൺകുട്ടിയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പൂപ്പാറയിലേക്ക് കൂട്ടി കൊണ്ടുപോകുകയായിരുന്നു. പൂപ്പാറയിൽ നിന്നും മദ്യം വാങ്ങിയ ശേഷം അവിടെയുള്ള തേയിലത്തോട്ടത്തിലേക്ക് കൂട്ടി കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമാണുണ്ടായത്.
ഈ കേസിലെ 2 പ്രതികളിൽ ഒന്നാം പ്രതി വിചാരണ വേളയിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി. രണ്ടാം പ്രതിയെയാണ് ഇപ്പോൾ ശിക്ഷിച്ചിട്ടുള്ളത്. ഈ സംഭവത്തിൻ്റെ തുടർച്ചയായി ഇതേ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതിന് ശാന്തൻപാറ പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ പ്രതികളായ 3 പേരെ ഇതേ കോടതി കഴിഞ്ഞ ജനുവരിയിൽ 90 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. രാജാക്കാട് പോലീസ് എസ് എച്ച് ഒആയിരുന്ന ബി. പങ്കജാക്ഷൻ അന്വഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് ഇപ്പോഴത്തെ വിധി.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിജു കെ ദാസ് കോടതിയിൽ ഹാജരായി.
