തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്‍റെ പേരില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. വിമർശനങ്ങളില്‍ വി.ഡി. സതീശൻ കടുത്ത അതൃപ്തി എഐസിസിയെ അറിയിച്ചു. ഹൈക്കമാൻഡ് ഇടപെടല്‍ ഇല്ലാതെ ഇനി മിഷൻ 2025 ചുമതല ഏറ്റെടുക്കില്ലെന്നാണ് വി.ഡി. സതീശൻ അറിയിച്ചത്.
മിഷൻ ചുമതലയെ കുറിച്ച് ഇറക്കിയ സർക്കുലറിന്‍റെ പേരിലുണ്ടായ വിമർശനങ്ങളില്‍ സതീശൻ എഐസിസിയെ പ്രതിഷേധം അറിയിച്ചു. വയനാട്ടില്‍ ചേർന്ന ലീഡേഴ്സ് മീറ്റില്‍ എഐസിസി നിർദേശ പ്രകാരം മിഷൻ ചുമതല ഏറ്റെടുത്തിട്ടും കെപിസിസി അധ്യക്ഷൻ അടക്കം വിമർശിച്ചതിലാണ് സതീശന് അതൃപ്‌തി. നിലവില്‍ ജില്ലകളില്‍ ചുമതല ഉള്ള കെപിസിസി ഭാരവാഹികളെ മറികടന്ന് പുതിയ നേതാക്കള്‍ക്ക് മിഷൻ വഴി ചുമതല നല്‍കിയതില്‍ ആണ് സതീശനെതിരെ വിമർശനം ഉയർന്നത്. പ്രശ്ന പരിഹാരത്തിനായി കെ.സി. വേണുഗോപാല്‍ ഉടൻ വി.ഡി. സതീശനും കെ.സുധാകരനുമായി സംസാരിക്കും.
അതേസമയം, വയനാട് ചേര്‍ന്ന കോണ്‍ഗ്രസ് ക്യാമ്ബ് എക്സിക്യൂട്ടീവ് തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനെച്ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നത തുടരുന്നതിനിടെ കോഴിക്കോട് ഡിസിസി ക്യാമ്പ് എക്സിക്യുട്ടീവ് ഇന്ന് ചേരും. ജില്ലയിലെ കെ പി സി സി ഭാരവാഹികള്‍ മുതല്‍ ബ്ലോക്ക് ഭാരവാഹികള്‍ വരെ പങ്കെടുക്കും. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി വയനാട് ക്യാമ്ബിലെ തീരുമാനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിക്കും. എം പി മാരായ എം കെ രാഘവന്‍, ഷാഫി പറമ്ബില്‍, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ധിഖ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.