ന്യൂഡല്‍ഹി : ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ എത്രത്തോളം കരുത്താർജിച്ചുവെന്ന് ചൂണ്ടിക്കാട്ടുന്നതാണ് 2023-2024ലെ സാമ്പത്തിക സർവേയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
കേന്ദ്രസർക്കാർ നടപ്പിലാക്കിയ ഓരോ പദ്ധതികളുടെയും പരിഷ്‌കാരങ്ങളുടെയും ഫലമാണ് സാമ്പത്തിക സർവേ വ്യക്തമാക്കുന്നതെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
” സമ്പദ്‌വ്യവസ്ഥയിൽ ഭാരതം എത്രത്തോളം ശക്തിയാർജിച്ചുവെന്ന് തെളിയിക്കുന്നതാണ് 2023-2024 സാമ്ബത്തിക വർഷത്തെ സർവേയില്‍ ചൂണ്ടിക്കാട്ടുന്നത്. വികസിത ഭാരതം കെട്ടിപ്പടുക്കാനായാണ് നാം പരിശ്രമിക്കുന്നത്. ഏതെല്ലാം മേഖലകളില്‍ ഇന്ത്യ പുരോഗതി കൈവരിച്ചുവെന്ന് ഇതിലൂടെ വ്യക്തമാകുന്നു.”- പ്രധാനമന്ത്രി കുറിച്ചു.
കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ടില്‍ ഇന്ത്യയുടെ സുസ്ഥിര വികസനത്തിനായി ആറ് മേഖലകളില്‍ വിശദമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഉല്‍പാദനക്ഷമതയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, കാർഷിക മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ചൈനയുടെ വെല്ലുവിളികള്‍ നേരിടുക എന്നിവ ഉള്‍പ്പെടെയുള്ള ആറ് മേഖലകളില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കും. വികസിത ഭാരതമെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കു ന്നതിലേക്ക് വെളിച്ചം വീശിയിരിക്കുകയാണ് 2023-2024ലെ സാമ്പത്തിക സർവേ റിപ്പോർട്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വൻ വർദ്ധനവാണ് ഉണ്ടായതെന്ന് സാമ്ബത്തിക സർവേ ചൂണ്ടിക്കാട്ടി. ആഗോളത്തലത്തിലുണ്ടായ നിരവധി സാമ്ബത്തിക പ്രതിസന്ധികളെ തരണം ചെയ്യാൻ ഇന്ത്യയ്‌ക്ക് സാധിച്ചെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കിയിരുന്നു.
