വൈത്തിരി : താമരശ്ശേരിയില്‍നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കോഴിക്കോട് ചെറുവറ്റ സ്വദേശി ഹർഷദിനെ(33) വയനാട് വൈത്തിരിയില്‍ നിന്നാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം വൈത്തിരിയില്‍ ഒരു ബൈക്ക് കടയ്ക്ക് സമീപം യുവാവിനെ ഇറക്കിവിടുകയായിരുന്നു. സമീപത്തെ കടയില്‍ കയറി ഫോണ്‍ വാങ്ങി ഹർഷാദ് പിതാവിൻ്റെ ഫോണിലേക്ക് വിളിച്ച് സംഘം തന്നെ വൈത്തിരിയില്‍ ഇറക്കിവിട്ടതായി അറിയിക്കുകയായിരുന്നു.
ബന്ധുക്കള്‍ വിവരം പോലീസിനെ അറിയിച്ചു. ബസില്‍ അടിവാരത്തെത്തിയ യുവാവിനെ പോലീസെത്തി സ്റ്റേഷനിലെത്തിച്ചു. ശനിയാഴ്ച രാത്രിയാണ് ഹർഷദിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. താമരശ്ശേരിയിലെ ഭാര്യവീട്ടിലെത്തിയ ഹർഷദ് ഒരു ഫോണ്‍കോള്‍ വന്നെന്ന് പറഞ്ഞാണ് അർധരാത്രി 12.30-ഓടെ പുറത്തേക്ക് പോയത്. പിന്നീട് യുവാവ് തിരിച്ചെത്തിയില്ല. പിറ്റേദിവസം ഹർഷദിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ താമരശ്ശേരി പോലീസില്‍ പരാതിയും നല്‍കി.
എന്നാല്‍, ഇതേദിവസം തന്നെ ഹർഷദിനെ വിട്ടയക്കണമങ്കില്‍ പത്തുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് വീട്ടുകാർക്ക് ഫോണ്‍കോള്‍ വന്നു. തന്നെ തട്ടിക്കൊണ്ടുപോയെന്നും വിട്ടയക്കാൻ പത്തുലക്ഷം രൂപയാണ് ആവശ്യപ്പെടുന്നതെന്നും ഹർഷദ് തന്നെയാണ് ആദ്യം ഫോണില്‍ വിളിച്ചറിയിച്ചത്. തൊട്ടുപിന്നാലെ മറ്റൊരാള്‍കൂടി ഫോണില്‍ സംസാരിച്ചു. പത്തുലക്ഷം നല്‍കണമെന്നായിരുന്നു ഇയാളുടെയും ആവശ്യം. ഈ വിവരവും ബന്ധുക്കള്‍ താമരശ്ശേരി പോലീസിന് കൈമാറിയിരുന്നു.
ഇതിനെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി വരുന്നതിനിടെയണ് ഹർഷഷദിനെ സംഘം വൈത്തിരിയിൽ ഇറക്കിവിട്ടത്. ഇയാളിൽ നിന്ന് പോലീസ് വിശദമായി മൊഴിയെടുക്കും.