കണ്ണൂര്‍: കള്ളനെ പിടികൂടുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി ഇപ്പോള്‍ എവിടെയും സിസിടിവി ക്യാമറകളാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കണ്ണൂരില്‍ ഡോക്ടറുടെ വീട്ടില്‍ കക്കാന്‍ കയറിയ കള്ളന്‍ നാലുപാടും കണ്‍തുറന്ന് തന്നെ നിരീക്ഷിക്കുന്ന സിസിടിവി ക്യാമറകള്‍ കണ്ടപ്പോള്‍ അരിശം മൂത്ത് അതും മോഷ്ടിച്ചത്. തലശേരി നഗരത്തിലാണ് സംഭവം നടന്നത്.
തലശേരി ഗുഡ്‌സ് ഷെഡ് റോഡിലെ വീട്ടില്‍ സ്ഥാപിച്ച ഏഴ് സിസിടിവി ക്യാമറകളാണ് മോഷ്ടാവ് കവര്‍ന്നത്. തലശേരിയിലെ പ്രമുഖ ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. അബ്ദുല്‍ സലാമിന്റെ വീട്ടിലെ നിരീക്ഷണ ക്യാമറകളാണ് കള്ളന്‍ മോഷ്ടിച്ചത്. വീടിന് ചുറ്റുപാടും ജനലിലൂടെ വീടിന്റെ ഉള്‍ഭാഗവും നിരീക്ഷിക്കുന്നതും സിസിടിവിയില്‍ കാണാം. കാല്‍പ്പെരുമാറ്റ ശ്ബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റ് ഇട്ടതോടെ മോഷ്ടാവ് കടന്നു കളയുകയായിരുന്നു.
വീടിന്റെ വരാന്തയിലും പുറത്തും ഉള്‍പ്പെടെ സ്ഥാപിച്ച ഏഴ് സിസിടിവി ക്യാമറകളുമായാണ് കടന്നുകളഞ്ഞതെന്ന് വീട്ടുകാര്‍ പിന്നീടാണ് അറിഞ്ഞത്. വീട്ടുകാരുടെ പരാതിയില്‍ തലശ്ശേരി ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.