തൃശ്ശൂർ : തൃശ്ശൂർ മേയർ എം കെ വർഗീസിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ തോൽവിക്ക് കാരണമായത് മേയറുടെ നിലപാടുകൾ ആണെന്ന് സുനിൽകുമാർ കുറ്റപ്പെടുത്തി. എൻഡിഎയുടെ മഹിമയാണ് മേയർ പറഞ്ഞുകൊണ്ടിരുന്നത്. സുരേഷ് ഗോപിക്ക് വേണ്ടിയാണ് മേയർ പ്രവർത്തിച്ചത് എന്നും വിഎസ് സുനിൽ കുമാർ വിമർശനമുന്നയിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മേയർ എന്ന നിലയിൽ തൃശ്ശൂർ മേയർ പ്രവർത്തിച്ചില്ല. ആയിരക്കണക്കിന് കോടിയുടെ വികസനം നടത്തിയിട്ടുള്ള ഇടതുപക്ഷത്തിന്റെ എംഎൽഎ ആയിരുന്ന താൻ തൃശ്ശൂരിൽ മത്സരിക്കുമ്പോഴും എൻഡിഎ സ്ഥാനാർത്ഥിയുടെ മഹിമയെ കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഇടതുപക്ഷത്തെ സഹായിക്കുന്ന ഒരു നിലപാടും മേയർ സ്വീകരിച്ചില്ല. എം കെ വർഗീസിനെ തൃശൂർ മേയർ സ്ഥാനത്തു നിന്നും മാറ്റണമെന്നും വിഎസ് സുനിൽകുമാർ ആവശ്യപ്പെട്ടു.
എം കെ വർഗീസ് മേയർ പദവി ഒഴിയണമെന്ന് നേരത്തെ സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജും ആവശ്യപ്പെട്ടിരുന്നു. മേയർ ഇപ്പോഴും കേന്ദ്രസഹമന്ത്രിയായ സുരേഷ് ഗോപിയെ പുകഴ്ത്തുന്നത് തുടർന്നുകൊണ്ടിരിക്കുകയാണെന്നും തിരുത്താൻ തയ്യാറാവുന്നില്ല എന്നും വത്സരാജ് വ്യക്തമാക്കി. മേയർ കാണിക്കുന്നത് തന്നിഷ്ടമാണെന്നും കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ടാലും മേയറിന്റെ നിലപാടുകളെ പിന്തുണയ്ക്കരുത് എന്നും ആണ് എൽഡിഎഫിലും അഭിപ്രായമുയരുന്നത്.