പിറന്നാൾ പാർട്ടി പൊളിച്ചതിന് പ്രതികാരം ചെയ്യും; പൊലീസ് സ്റ്റേഷനുകളിൽ ബോംബ് ഭീഷണി മുഴക്കി ഗുണ്ടാനേതാവ്

തൃശൂർ: പൊലീസ് സ്റ്റേഷനുകളിലേക്ക് ഫോൺ വിളിച്ച് ഗുണ്ടാനേതാവിന്റെ ബോംബ് ഭീഷണി‌. തേക്കിൻകാട് മൈതാനത്ത് ആവേശം സ്റ്റൈലിൽ പിറന്നാൾ പാർട്ടി നടത്താൻ പറ്റാത്തതിലുള്ള ദേഷ്യത്തിലാണ് ഗുണ്ടാനേതാവ് ഭീഷണി മുഴക്കിയത്. ഇന്നലെ പുലർച്ചെയാണ് വെസ്റ്റ്, ഈസ്റ്റ് സ്റ്റേഷനുകളിലേക്കും കമ്മീഷണർ ഓഫിസിലേക്കും കാപ്പ കേസ് പ്രതി സാജൻ (തീക്കാറ്റ് സാജൻ) 3 ഓഫിസുകളും ബോംബ് വച്ചു തകർക്കുമെന്നു ഭീഷണി മുഴക്കിയത്.

തന്റെ പിറന്നാൾ പാർട്ടി പൊളിച്ചതിനു പ്രതികാര‍ം ചെയ്യുമെന്നും ഈസ്റ്റ് സ്റ്റേഷന‍ും കമ്മിഷണർ ഓഫിസും ബോംബ് വച്ചു തകർക്കുമെന്നും ഭീഷണി മുഴക്കിയ ശേഷം ഗുണ്ടാനേതാവ് ഫോൺ കട്ട് ചെയ്തു. 2 സ്റ്റേഷനുകളിലായി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി 3 കേസുകൾ രജിസ്റ്റർ ചെയ്തതോടെ ഇയാൾ മുങ്ങി. പീച്ചി കന്നാലിച്ചാലിൽ സാജന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.

ഭീഷണി ഗൗരവത്തോടെ കാണുന്നുവെന്നും ഗുണ്ടയ്ക്കു വേണ്ടി തിരച്ചിൽ ഊർജിതമാക്കിയെന്നും കമ്മിഷണർ ആർ. ഇളങ്കോ അറിയിച്ചു. ഭീഷണിപ്പെടുത്തൽ, പൊതുജന സേവകരെ അപായപ്പെടുത്താൻ ശ്രമിക്കൽ, ജീവഹാനിയ്ക്ക് ഇടയാക്കുമെന്ന് വെല്ലുവിളിക്കൽ തുടങ്ങിയ കാര്യങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു സിനിമ സ്റ്റൈലിൽ ഗുണ്ടാനേതാവിന്റെ പിറന്നാൾ ആഘോഷം പ്ലാൻ ചെയ്തത്. സംഭവത്തിൽ 32 പേരാണ് പൊലീസ് പിടിയിലായത്. ഇതിൽ 16 പേർ പ്രായപൂർത്തിയാകാത്തവരായിരുന്നു. ഇവരെ പിന്നീട് വിട്ടയ്ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!