കൽപ്പറ്റ : വയനാട് എടക്കൽ ഗുഹയുടെ പരിസരത്ത് നിന്ന് പ്രാചീന പെട്ടിക്കല്ലറകൾ കണ്ടെത്തി.ശിലായുഗ സംസ്‌കാര സ്മാരകമായ പെട്ടിക്കല്ലറകൾക്ക് 2500 വർഷം പഴക്കമാണ് കണക്കാക്കുന്നത്. കൂടുതൽ പെട്ടിക്കല്ലറകൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ ശാസ്ത്രീയ പരിശോധനയ്ക്കും ഗവേഷണത്തിനുമുള്ള തയ്യാറെടുപ്പിലാണ് പുരാവസ്തു വകുപ്പ്.
ആണ്ടിക്കവലയിൽ എടക്കൽ സ്വദേശി സാദിഖിന്റെ വീടുപണിക്കായി മണ്ണുമാറ്റിയപ്പോഴാണ് പെട്ടിക്കല്ലറകൾ വെളിച്ചത്തെത്തിയത്. എടക്കൽ ഗുഹയിലെ കൊത്തു ചിത്രങ്ങൾക്ക് ഏകദേശം 4000 വർഷം പഴക്കമുണ്ട്. ശിലാചിത്രങ്ങളുടെ ചരിത്രത്തിനിപ്പുറമുള്ള എടക്കൽ താഴ്‌വരകളിലെ സജീവ മനുഷ്യസാന്നിധ്യം സംബന്ധിച്ച് വെളിച്ചം വീശുന്നതാണ് പെട്ടിക്കല്ലറകൾ.
മരണാനന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്ന മഹാശിലാ സംസ്കാരജനത പരേതരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് വലിയ കല്ലുകൾകൊണ്ട് സ്മാരകങ്ങൾ ഒരുക്കിയിരുന്നത്. ശവശരീരം അഴുകിയശേഷമോ ദഹിപ്പിച്ച ശേഷമോ ശേഖരിച്ച അസ്ഥികളോടൊപ്പം ഇരുമ്പായുധങ്ങൾ, മൺപാത്രങ്ങൾ, കന്മുത്തുകൾ, ധാന്യങ്ങൾ എന്നിവയെല്ലാം സ്മാരകങ്ങളിൽ അടക്കംചെയ്യുക എന്നതായിരുന്നു രീതി. 1987ൽ നടന്ന ഗവേഷണങ്ങളിലൂടെ എടക്കലിന്റെ പടിഞ്ഞാറെ താഴ്‌വരയായ കുപ്പക്കൊല്ലിയിൽ 74ഓളം പെട്ടിക്കല്ലറകൾ കണ്ടെത്തിയിരുന്നു.
ഇതിലെ മൺപാത്രങ്ങൾ ഉൾപ്പെടെയുള്ള വസ്‌തുക്കൾ അമ്പലവയൽ മ്യൂസിയത്തിലേക്ക് മാറ്റി. സമീപ പ്രദേശങ്ങളായ ആയിരംകൊല്ലി, കുമ്പളേരി, കൃഷ്‌ണഗിരി തുടങ്ങി വിവിധയിടങ്ങളിലും സമാനമായ കല്ലറകൾ കണ്ടെത്തിയിട്ടുണ്ട്. പ്രാചീന ശിലായുഗത്തിന്റെ അവസാനം മുതൽ ഇരുമ്പുയുഗം വരെയുള്ള എടക്കൽ പ്രദേശത്തിന്റെ ചരിത്രം വിശാലമാക്കാൻ ഇവയുടെ സമഗ്രപഠനത്തിലൂടെ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്.