പാറശ്ശാല: ഭാര്യാമാതാവിനെ തലയ്ക്കടിച്ചു കൊല്ലുകയും ഭാര്യയെ തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിക്കുകയും ചെയ്ത ആളിന് ഇരട്ട ജീവപര്യന്തം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ.
നെയ്യാറ്റിൻകര കാരോട് കാന്തള്ളൂർ ഇടവിളാകം വീട്ടിൽ റോബർട്ടിനെയാണ് (35) നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ ജഡ്ജി എ.എം.ബഷീർ ശിക്ഷിച്ചത്. കാന്തള്ളൂർ ചീനിവിള വീട്ടിൽ തങ്കമാണ് (70) കൊല്ലപ്പെട്ടത്. തങ്കത്തിന്റെ മകളും റോബർട്ടിന്റെ ഭാര്യയുമായ പ്രീതയെ (31) കൊല്ലാനുള്ള ശ്രമത്തിനിടെ തലയ്ക്കും കൈയ്ക്കും മാരകമായ പരിക്കേറ്റു. 2023 ജൂലായ് 2നാണ് സംഭവം. പ്രീതയുടെ രണ്ടാം ഭർത്താവാണ് റോബർട്ട്. ആദ്യ ഭർത്താവ് വിൻസെന്റ് അപകടത്തിൽ മരണമടഞ്ഞിരുന്നു. ആദ്യ ഭർത്താവിൽ റക്ഷൻ എന്ന 6 വയസുള്ള മകനുണ്ട്.
പ്രീതയെ വിവാഹം കഴിച്ച ശേഷം റോബർട്ട് ഭാര്യാവീട്ടിലായിരുന്നു താമസം. കുറച്ചുനാളുകൾക്കു ശേഷം റോബർട്ട്, തങ്കത്തിന്റെ വീടും വസ്തുവും തന്റെ പേരിൽ ആധാരം ചെയ്തു കൊടുക്കാൻ ആവശ്യപ്പെട്ടു. പ്രീതയുടെ ആദ്യ ഭർത്താവിന്റെ അപകടമരണത്തിനു ലഭിച്ചിരുന്ന നഷ്ട പരിഹാരത്തുകയും ആവശ്യപ്പെട്ട് ബഹളം വച്ചിരുന്നു. സംഭവദിവസം ഇതുപറഞ്ഞ് വഴക്കുകൂടുകയും പ്രീതയെ മർദ്ദിക്കുകയും ചെയ്തു. തടസംനിന്ന തങ്കത്തിന്റെ തലയ്ക്ക് ഇരുമ്പ് പൈപ്പുകൊണ്ടടിച്ച് തള്ളിയിട്ടു. അമ്മയെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ച പ്രീതയുടെ തലയിലും ഇടതു കൈയിലും പൈപ്പ് കൊണ്ടടിച്ചു. പ്രീതയെയും
അമ്മ തങ്കത്തിനെയും നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തങ്കം മരിച്ചു. കേസിൽ ഏക ദൃക്സാക്ഷിയായിരുന്ന മകൻ റക്ഷന്റെ മൊഴി നിർണ്ണായകമായിരുന്നു. പൊഴിയൂർ സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന ടി.സതികുമാറാണ് റിപ്പോർട്ട് സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ.അജികുമാർ ഹാജരായി.