ഡല്‍ഹി വിമാനത്താവള അപകടം; മരിച്ചയാളുടെ കുടുംബത്തിന് 20ലക്ഷം, പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷം വീതം

ന്യൂഡല്‍ഹി: വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ടാക്‌സി ഡ്രൈവറുടെ കുടുംബത്തിന് ധനസഹായമായി 20 ലക്ഷം രൂപ നല്‍കുമെന്ന് വ്യോമയാനമന്ത്രി രാം മോഹന്‍ നായിഡു. പരിക്കേറ്റവര്‍ക്ക് മുന്ന് ലക്ഷം രൂപ നല്‍കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സംഭവം നിര്‍ഭാഗ്യകരമാണെന്നും അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും മന്ത്രി പറഞ്ഞു. എന്താണ് അപകടത്തിന്റെ കാരണമെന്നത് അന്വേഷണണത്തിലേ കണ്ടെത്താനാകൂകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരെയും മന്ത്രി സന്ദര്‍ശിച്ചു. ടെര്‍മിനല്‍ ഒന്നിലെ തകര്‍ന്ന മേല്‍ക്കൂര 2009 ല്‍ നിര്‍മിച്ചതാണെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കെട്ടിടം മറുവശത്താണ്. ഇവിടെ തകര്‍ന്ന കെട്ടിടം പഴയ കെട്ടിടമാണ്. ഇത് 2009-ല്‍ ഉദ്ഘാടനം ചെയ്തതാണെന്നും മന്ത്രി പറഞ്ഞു.

ടെര്‍മിനല്‍ നിന്നുള്ള വിമാനങ്ങൾ രാത്രി 12 മണിവരെ നിര്‍ത്തിവച്ചിരിക്കുകാണ്. അപകടത്തെ തുടര്‍ന്ന് യാത്ര മുടങ്ങിയവര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് നല്‍കുമെന്ന് ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അറിയിച്ചു.

ഇന്ന് രാവിലെയാണ് ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്നുവീണത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും 8 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കനത്ത മഴയെത്തുടര്‍ന്ന് ഡിപ്പാര്‍ച്ചര്‍ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയാണു കാറുകള്‍ക്കുമേല്‍ പതിച്ചത്. അപകടത്തെ തുടര്‍ന്ന് ടെര്‍മിനലിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!