മണ്ണും കല്ലും വന്ന് കലുങ്ക് അടഞ്ഞു; റോഡിൽ മുട്ടൊപ്പം വെള്ളം, അധികൃതരെ കാത്ത് നിൽക്കാതെ തടസം നീക്കി നാട്ടുകാർ


കുടയത്തൂർ: സംഗമം ജങ്ഷന് സമീപം ഗവ. ന്യൂ എൽപി സ്കൂളിന് മുന്നിൽ സംസ്ഥാന പാതയിലെ കലുങ്ക് കല്ലും മണ്ണും ചെളിവും അടിഞ്ഞ് കൂടി അടഞ്ഞു. ഇതോടെ കലുങ്കിനടിയിലൂടെയുള്ള വെള്ളമൊഴുക്ക് നിലച്ചു . ശക്തമായ മഴയിൽ വെള്ളം സംസ്ഥാന പാതയിൽ മുട്ടൊപ്പം ഉയർന്നു. ഇതോടെ ഗതാഗതവും ദുഷ്‌കരമായി.

പഞ്ചായത്ത് , പൊതുമരാമത്ത് അധികൃതരോടും പരാതി പറഞ്ഞ് നാട്ടുകാർ മടുത്തു. എൽ പി സ്കൂളിൻ്റെ കവാടമായതിനാൽ സ്കൂൾ അധികൃതരും പരാതി നൽകി. എന്നിട്ടും പ്രശ്നം പരിഹരിക്കാൻ നടപടിയായില്ല.

ശക്തമായ മഴയിൽ സമീപത്തെ സ്ഥലകളിൽ നിന്നും വെള്ളം കലുങ്കിൻ്റെ ഭാഗത്തേക്ക് ഒഴുകിയെത്തും. ബന്ധപ്പെട്ട അധികാരികൾ പ്രശ്നം പരിഹരിക്കാൻ തയാറാകാത്തതിനാൽ ഒരു കൂട്ടം നാട്ടുകാർ പ്രശ്നം പരിഹരിക്കാൻ രംഗത്ത് വന്നു.

ശക്തി കൂടിയ മോട്ടർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് റോഡിന് കുറുകെയുള്ള കലുങ്കിൻ്റെ ഭാഗമായ വലിയ പൈപ്പിലെ തടസ്സങ്ങൾ നീക്കി. ചെളിയും കല്ലും നിറഞ്ഞ ഗർത്തത്തിലിറങ്ങി പിന്നീട് തടസങ്ങൾ പൂർണമായി നീക്കി. ഇതോടെ റോഡിൽ കെട്ടിക്കിടന്നിരുന്ന വെള്ളം പൂർണ്ണമായും കലുങ്കിൻ്റെ ഭാഗമായ വലിയ പൈപ്പിലൂടെ  എതിർ വശത്തുള്ള ഓടയിലൂടെ ഒഴുകി. 

സേവന മന:സ്ഥിതിയുള്ള ഒരു പറ്റം ചെറുപ്പക്കാരുടെ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ മുട്ടൊപ്പം ചെളിവെള്ളം കെട്ടിക്കിടന്ന റോഡ് ക്ലീൻ. ശുചീകരണ പ്രവർത്തനത്തിന് പ്രദേശവാസികളായ അനീഷ് , ജിജി എം. നായർ, സലിം , കബീർ, എം.എച്ച്. മൂസാക്കുട്ടി, സാജൻ  എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!