മദ്യപിച്ച് സ്റ്റേഷനിൽ എത്തി ബഹളമുണ്ടാക്കി ; സീനിയർ പോലീസ് ഓഫീസർക്കെതിരെ കേസ്

തിരുവല്ല : മദ്യപിച്ച് പോലീസ് സ്റ്റേഷനിൽ എത്തി ബഹളമുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. തിരുവല്ല പോലീസ് സ്റ്റേഷനിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. തിരുവല്ല സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസർ ആണ് മദ്യപിച്ച് സ്റ്റേഷനിൽ എത്തി ബഹളം ഉണ്ടാക്കിയത്.

സ്റ്റേഷനിൽ ജിഡി ചുമതലയുള്ള സിവിൽ പോലീസ് ഓഫീസർ രാജ്കുമാറിനെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കി, അസ്വാഭാവികമായ രീതിയിൽ പെരുമാറി എന്നിങ്ങനെയുള്ള കുറ്റങ്ങൾക്കാണ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തിട്ടുള്ളത്. സ്ഥലംമാറ്റം ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ ഈ ഉദ്യോഗസ്ഥനെതിരെ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

പോലീസ് സ്റ്റേഷനിൽ എത്തിയ ഉദ്യോഗസ്ഥൻ ആദ്യം ബഹളം ഉണ്ടാക്കിയപ്പോൾ മറ്റു പോലീസുകാർ കാര്യമാക്കിയില്ല എങ്കിലും പ്രശ്നം കൂടുതൽ വഷളായതോടെ സിഐ തന്നെ ഇയാൾക്കെതിരെ പരാതി നൽകുകയായിരുന്നു.

തുടർന്ന് മദ്യപിച്ചുവെന്ന് തെളിയിക്കാനുള്ള വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴും പോലീസ് ഉദ്യോഗസ്ഥൻ ബഹളം തുടരുകയായിരുന്നു . ഉദ്യോഗസ്ഥനെതിരെ ആഭ്യന്തര അന്വേഷണം പൂർത്തിയായതായും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!