കോഴിക്കോട് : നൈറ്റ് കര്‍ഫ്യുവിനെതിരെ സമരം ചെയ്ത വിദ്യാര്‍ഥികളില്‍നിന്ന് വന്‍ തുക പിഴ ഈടാക്കാന്‍ കോഴിക്കോട് എന്‍ഐടി അധികൃതര്‍. അഞ്ച് വിദ്യാർഥികൾ 33 ലക്ഷം പിഴ അടക്കണമെന്ന് കാണിച്ച് രജിസ്ട്രാർ നോട്ടീസ് നൽകി.
മാർച്ച് 22 ന് നടന്ന രാത്രി നിയന്ത്രണ സമരവുമായി ബന്ധപ്പെട്ടാണ് വിദ്യാർഥികളോട് പ്രതികാര നടപടി.പ്രധാന ഗേറ്റ് അടച്ചുപൂട്ടിയ വിദ്യാർത്ഥികൾക്കാണ് നോട്ടീസ് നൽകിയത്. ഒരു വിദ്യാര്‍ഥി 6,61,155 രൂപയാണ് പിഴ അടക്കേണ്ടത്.
മാർച്ച് 22-നായിരുന്നു നൈറ്റ് കർഫ്യുവിനെതിരായ വിദ്യാർഥി സമരം. രാവിലെ 7.30 മുതൽ വിദ്യാർഥികൾ നടത്തിയ സമരം കാരണം അധ്യപകരുൾപ്പെടയുള്ളവർക്ക് അകത്ത് പ്രവേശിക്കാൻ സാധിച്ചില്ല. അന്നത്തെ പ്രവൃത്തി ദിവസം നഷ്ടമായതിനാൽ സ്ഥാപനത്തിനുണ്ടായിരിക്കുന്ന നഷ്ടം നികത്താൻ 33 ലക്ഷം രൂപ പിഴ ഈടാക്കണമെന്നാണ് നോട്ടീസ്. 7 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.
നൈറ്റ് കര്‍ഫ്യൂ കര്‍ശനമായി പാലിക്കുന്നതിന്റെ ഭാഗമായി രാത്രി 11 മണിക്ക് ശേഷം ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയ ഡീനിന്റെ ഉത്തരവിനെതിരെ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഉത്തരവ് പ്രകാരം രാത്രി 11 മണിക്ക് ശേഷം വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പസിന് അകത്തേക്ക് പോകാനും ക്യാമ്പസില്‍ നിന്ന് പുറത്ത് പോകാനും കഴിയില്ലായിരുന്നു.