ബി.ജെ.പിക്ക് പഴയ ശക്തിയില്ല.. സ്വന്തം എം.പിമാരെപ്പോലും ഭയമെന്ന് കെ.സി. വേണുഗോപാൽ

അമ്പലപ്പുഴ : ബി.ജെ.പിക്ക് പഴയ ശക്തിയില്ലെന്നും സ്വന്തം എം.പിമാരെപ്പോലും ഭയപ്പെടുന്ന അവസ്ഥയിലേക്ക് ബി.ജെ.പിമാറിയെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ തിരഞ്ഞെടുക്കാന്‍ എന്‍.ഡി.എ യോഗം വിളിച്ചത് അതിന് തെളിവ്. ശക്തമായ പ്രതിപക്ഷമായി ഇന്ത്യാ സഖ്യം പ്രവര്‍ത്തിക്കും. എന്‍.ഡി.എ സര്‍ക്കാരിന്റെ തെറ്റുകള്‍ക്കെതിരെ അതിശക്തമായ പോരാട്ടം പാര്‍ലമെന്റിന് അകത്തും പുറത്തും ഉണ്ടാകും. കോണ്‍ഗ്രസ് തീര്‍ന്ന് പോയെന്ന് പറഞ്ഞവരുടെ മുന്നിലേക്ക് ഫീനിക്‌സ് പക്ഷിയെപ്പോലെയാണ് ചാരകൂമ്പാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ് വന്നിരിക്കുന്നത്.

രണ്ടാം മേദി സര്‍ക്കാരിന്റെ കാലത്തും കേരളത്തിന് കേന്ദ്രമന്ത്രമാരെ കിട്ടിയിട്ടുണ്ട്. അക്കാലത്തും കടുത്ത അവഗണന മാത്രമാണ് കേരളത്തിന് കിട്ടിയതെന്നും കേരളത്തില്‍ നിന്നുള്ള പുതിയ കേന്ദ്രമന്ത്രിമാരുടെ പ്രധാന്യത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ഏത് മണ്ഡലമാണ് രാഹുല്‍ ഗാന്ധി ഒഴിയുകയെന്നത് സംബന്ധിച്ച് തീരുമാനമായില്ല. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയോഗം ചേര്‍ന്ന് ഈ വിഷയം തീരുമാനിക്കും. വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദിപറയാന്‍ രാഹുല്‍ ഗാന്ധി വയനാടും, റായ്ബറേലിയയിലും സന്ദര്‍ശനം നടത്തും . അതിന് ശേഷം രാഹുല്‍ഗാന്ധി തീരുമാനം എടുക്കും.

കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബി.ജെ.പിയാണ്. എന്നാല്‍ സി.പി.എം കോണ്‍ഗ്രസിനെയാണ് മുഖ്യശത്രുവായി കാണുന്നത്. അതിനാലാണ് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കാന്‍ സി.പി.എം തയ്യാറായത്. സംഘപരിവാറിന്റെ ഭാഷ കടമെടുത്താണ് മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ അവഹേളിച്ചത്.

സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രചരണരീതി തെറ്റായിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി.പി.എം ഒരിക്കലും ബി.ജെ.പിയെ ഫോക്കസ് ചെയ്തില്ല. ഇവിടെയാണ് സി.പി.എമ്മിന് തെറ്റിയത്. സി.പി.എം വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ചോര്‍ന്നത് എന്തുകൊണ്ട്. ബി.ജെ.പിയെ സി.പി.എം രാഷ്ട്രീയ എതിരാളികളായി കണ്ടില്ല. അതിന് വേണ്ട നിര്‍ദ്ദേശം അണികള്‍ക്ക് നല്‍കുന്നതില്‍ സി.പി.എം സംസ്ഥാന നേതൃത്വം ദയനീയമായി പരാജയപ്പെട്ടു.

കോണ്‍ഗ്രസിനെ കടന്നാക്രമിച്ചും രാഹുല്‍ ഗാന്ധിയെ വേട്ടയാടിയും സി.പി.എം സ്വീകരിച്ച രാഷ്ട്രീയ ശൈലിയുടെ തിരിച്ചടിയാണ് അവരുടെ വോട്ടുകള്‍ ബി.ജെ.പിലേക്ക് കുത്തൊഴുക്ക് കണക്കെ ഒലിച്ച് പോയത്. തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടിട്ടും തിരുത്താന്‍ തയ്യാറാകാത്ത കേരള സി.പി.എമ്മിന് വരാന്‍ പോകുന്നത് ബംഗാളിലെ സ്ഥിതിയാണെന്നും വേണുഗോപാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!