വായനയുടെ ‘വരദാനം ഇനി എഴുത്തിൻ്റേയും

മലയിൻകീഴ് : വായനയുടെ കൂട്ടുകാരിയാണ് വരദ. പത്തു വയസിനിടെ ഈ കൊച്ചുമിടുക്കി വായിച്ചുതീർത്തത് മുന്നൂറിലധികം പുസ്തകങ്ങൾ. വിളവൂർക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ആര്‍. വരദ ഇനി അറിയപ്പെടാൻ പോകുന്നത് എഴുത്തുകാരി എന്നുകൂടിണ്. അതെ ഈ ചെറുപ്രായത്തിൽ വരദ എഴുതിയ ‘ഊഞ്ഞാലുകുട്ടീടെ ഉമ്മിണിക്കാര്യങ്ങൾ’ എന്ന പുസ്തകം ഉടൻ പ്രകാശിതമാവുകയാണ്.

ഒത്തിരി പുസ്തകങ്ങളുള്ള ഒരു വലിയ ലൈബ്രറി തൻ്റെ വീട്ടിൽ ഉണ്ടായെങ്കിൽ…. വരദയുടെ വലിയ സ്വപ്നമായിരുന്നു അത്. കഴിഞ്ഞ വർഷം തലസ്ഥാനത്ത് നടന്ന പുസ്തകമേളയിൽ വരദ ആഗ്രഹം തുറന്നു പറഞ്ഞു. ആ നാലാം ക്ലാസുകാരിയുടെ വായനാ ശീലമറിഞ്ഞ് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ആദ്യമായി 20 പുസ്കങ്ങള്‍ വരദയുടെ ലൈബ്രറിക്ക് സമ്മാനിച്ചു.

വരദയുടെ വീടായ മലയം വേങ്കൂർ ‘വരദാന’ത്തിലെ പുസ്തകക്കൂട്ടിൽ പ്രശസ്തരായ സാഹിത്യകാരൻമാർ എഴുതിയ പുസ്തകങ്ങളുടെ വലിയൊരു ശേഖരം തന്നെയുണ്ട് ഇപ്പോൾ. ദിവസങ്ങൾക്കുള്ളിൽ വരദയുടെ ലൈബ്രറി ഷെൽഫിൽ സ്വന്തം പുസ്തകമായ ‘ഊഞ്ഞാലുകുട്ടീടെ ഉമ്മിണിക്കാര്യങ്ങളും’ ഇടം പിടിക്കും. അച്ഛന്‍ പ്രദീപും അമ്മ രേവതിയും വരദയ്ക്ക് വായനയുടെ, എഴുത്തിൻ്റെ വിശാലമായ ലോകം തീര്‍ക്കാന്‍ ഒപ്പമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!