തിരുവല്ല :- ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ സ്വർണ്ണ ധ്വജ നിർമ്മാണത്തിനുള്ള തേക്ക് മരം എണ്ണത്തോണിയിൽ തൈലാധിവാസ ത്തിനായി ഇടുന്നതിനുള്ള ചടങ്ങ് ഇന്ന് [ ജൂൺ 7ന് ]നടക്കും.
ഇന്ന് രാവിലെ 9.50 നും 10.30 നും മദ്ധ്യേ ആയിരിക്കും ചടങ്ങ്. അതിന് മുന്നോടിയായി രാവിലെ ക്ഷേത്രത്തിൽ പതിവ് പൂജകൾക്ക് പുറമെ ഗണപതി ഹോമവും നടന്നു. തുടർന്ന് അധിവാസത്തിങ്കൽ പൂജ , മഹാസുദർശനമൂർത്തിക്ക് കലശപൂജയും, കലശാഭിഷേകവും ആരംഭിച്ചു. ശേഷം തൈലാധിവാസത്തിനുള്ള എണ്ണക്കലശപൂജ .
രാവിലെ 8 മണിക്ക് ശ്രീവല്ലഭ സ്വാമിക്ക് ഉച്ചപൂജ, പഞ്ചവിംശതി ദ്രവ്യകലശമായുള്ള ആറാട്ടുകലശാഭിഷേകം, തൈലാധിവാസത്തിനുള്ള അനുജ്ഞാ പ്രാർത്ഥന, സ്വർണ്ണ ധ്വജത്തിനായുള്ള ഉത്തമ വൃക്ഷത്തിൻമേൽ തൈ ലാധി വാസക്രിയകൾ, അവ സ്രാവ പ്രോക്ഷണം, ശ്രീഭൂതബലി എന്നിവ നടക്കും. തുടർന്ന് 9.50 നും 10.30നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ‘ ക്ഷേത്ര തന്ത്രി അഗ്നി ശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ എണ്ണക്കലശാഭിഷേകവും എണ്ണക്കല ശപൂജയും തൈലാധിവാസവും നടക്കും.
എണ്ണത്തോണിയിലേക്കുള്ള ആദ്യ എണ്ണ സമർപ്പണം ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പി .എസ് . പ്രശാന്ത് നിർവ്വഹിക്കും. ദേവസ്വം ബോർഡ് അംഗങ്ങളായ ജി. സുന്ദരേശൻ, അഡ്വ എ. അജികുമാർ, മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ. അനന്തഗോപൻ, ദേവസ്വം ബോർഡിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ, ആദ്ധ്യാത്മിക-സാമു ദായിക-സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.
തേക്കിൻതടി എണ്ണത്തോണിയിൽ നിക്ഷേപിച്ച് പ്രത്യേകം തയ്യാറാക്കി പൂജിച്ച എണ്ണ ഒഴിക്കും. 35 ഓളം ആയൂർവേദ മരുന്നുകളും ഔഷധ കൂട്ടുകളും ഇടിച്ച് പിഴിഞ്ഞ് എടുത്ത് ഉണ്ടാക്കുന്ന തൈലത്തിലാണ് തടി നിക്ഷേപിക്കുന്നത്. 13 കൂട്ടം വസ്തുക്കൾ ചേർത്ത് ആദ്യം കഷായം വെയ്ക്കും. അത് നാലിലൊന്നായി വറ്റിച്ച് ശുദ്ധമായ എളെണ്ണയിൽ മറ്റ് ആയുർവേദ – അങ്ങാടിമരുന്നുകളും ചേർത്താണ് തൈലം തയ്യാറാക്കുന്നത്. 6 മാസത്തിൽ കുറയാതെ കൊടിമരം എണ്ണത്തോണിയിലെ തൈലത്തിൽ വിശ്രമിക്കും. പുതുതായി സ്ഥാപിക്കുന്ന കൊടിമരത്തിനുളള മരം എണ്ണത്തോണി യിലിട്ട് പാകപ്പെടുത്തുന്ന ചടങ്ങാണിത്.
ശ്രീവല്ലഭ ക്ഷേത്ര മേൽശാന്തി ചുരൂർ മഠത്തിൽ ശ്രീകുമാറാണ് എണ്ണത്തോണി വഴിപാടായി സമർപ്പിച്ചത്. നിരവധി ക്ഷേത്രങ്ങളിലെ കൊടിമര തടിക്ക് ഔഷധ എണ്ണ ഒരുക്കിയ തൊടുപുഴ സ്വദേശി വേണുവിൻ്റെ നേതൃത്വത്തിലുള്ള അഞ്ചോളം പേർ ചേർന്നിണ് ഔഷധ എണ്ണ തയ്യാറാക്കിയത്.
കഴിഞ്ഞ നവംബർ 4 ന് പൂഞ്ഞാറിലെ പാതാംമ്പുഴ എന്ന സ്ഥലത്ത് നിന്നുമാണ് സ്വർണ്ണ ധ്വജത്തിനുള്ള തേക്ക് മരം എത്തിച്ചത്. 19 ന് ധ്വജ നിർമ്മാണത്തിനുള്ള ഉളിവെപ്പ് കർമ്മം നടന്നിരുന്നു. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങളുടെ സഹകരണത്തോ ടെയാണ് ധ്വജസ്തംബത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. പ്രശസ്ത കൊടിമര ശിൽപ്പി അനന്തൻ ആചാരിയുടെയും തച്ഛൻ ചേറായി സുകുമാരനാശാരിയുടെയും അദ്ദേഹത്തിൻ്റെ മകൻ കണ്ണൻ്റേയും നേതൃത്വത്തിൽ ആണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നത്.
ക്ഷേത്രത്തിൽ നിലവിലുണ്ടായിരുന്ന കൊടിമരം ഇടിമിന്നലേറ്റ് പോയതിനെ തുടർന്നാണ് പുതിയ കൊടിമരം നിർമ്മിക്കുന്നത്. പുതിയ കൊടിമരത്തിനുള്ള തേക്ക് മരം വഴിപാടായി സമർപ്പിച്ചത് നായർ സർവ്വീസ് സൊസൈറ്റിക്ക് വേണ്ടി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആണ്. എണ്ണത്തോണിയിൽ നിക്ഷേപിക്കുന്ന ഔഷധ എണ്ണ ഭക്തർക്ക് വഴിപാടായി സമർപ്പിക്കാവുന്നതാണെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് എം.എം. മോഹനൻ നായർ, സെക്രട്ടറി ബി.ജെ. സനിൽ കുമാർ എന്നിവർ അറിയിച്ചു.
.
