കോട്ടയം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ ബഹുനില കെട്ടിടങ്ങളുടെ താഴത്തെ നിലയില്‍ തന്നെ പ്രവര്‍ത്തിക്കുന്നതിന് അക്ഷയ ഡയറക്ടര്‍ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥാണ് നിര്‍ദ്ദേശം നല്കിയത്.
കോട്ടയം ജില്ലാ കളക്ടറില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള അധികാര സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ബഹുനില കെട്ടിടങ്ങളുടെ താഴത്തെ നിലയില്‍ തന്നെ അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെന്നും എന്നാല്‍ സ്ഥല ദൗര്‍ലഭ്യം ചിലപ്പോഴെല്ലാം തടസം നില്‍ക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ താഴത്തെ നിലയിലേക്ക് മാറ്റണമെങ്കില്‍ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നിരുന്നാലും പുതുതായി അക്ഷയകേന്ദ്രം ആരംഭിക്കുമ്പോഴും പുതിയ മുറി കണ്ടെത്തേണ്ടി വരുമ്പോഴും താഴത്തെ നിലയില്‍ തന്നെ ആരംഭിക്കണമെന്ന് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
മുകള്‍ നിലയിലാണ് അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി താഴത്തെ നിലയില്‍ അക്ഷയ ഹെല്‍പ്പ് ഡസ്‌ക് സ്ഥാപിക്കണമെന്ന് പരാതിക്കാരനായ പാലാ ചെമ്പിളാവ് സ്വദേശി എം. എസ്. ഹരികൃഷ്ണന്‍ ആവശ്യപ്പെട്ടു.
സേവന നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണം, സേവനത്തിന് രസീത് നല്കണം, പരാതിപ്പെട്ടി സ്ഥാപിക്കണം, പരാതി സമര്‍പ്പിക്കാനുള്ള ഓഫീസിന്റെ നമ്പറും ഇ-മെയില്‍ ഐ ഡിയും പ്രദര്‍ശിപ്പിക്കണം തുടങ്ങിയ പരാതിക്കാരന്റെ ആവശ്യങ്ങളും അക്ഷയ ഡയറക്ടര്‍ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.