വോട്ടെണ്ണലിന് ഇനി 5 നാൾ. സ്ഥാനാർത്ഥികളും മുന്നണികളും വീണ്ടും  പിരിമുറക്കത്തിലേക്ക്

തിരുവനന്തപുരം : ലോക് സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് ഇനി 5 നാൾ അവശേഷിക്കെ ആത്മവിശ്വാസവും അവകാശവാദവുമായി സ്ഥാനാർത്ഥികളും മുന്നണി നേതാക്കളും വീണ്ടും സജീവമായി.

കേരളത്തിൽ ഏറ്റവും കുറഞ്ഞത് 15-17 സീറ്റ് വരെ ലഭിക്കുമെന്നത് യുഡിഎഫ് കരുതുമ്പോൾ, 8-10 സീറ്റ് എന്ന അവകാശമാണ് എൽഡിഎഫിനുള്ളത്. 4 സീറ്റ് വരെ ജയിക്കുമെന്ന ശുഭപ്രതീക്ഷയുമായി ബിജെപി ക്യാമ്പും സജീവമാണ്.

ട്വന്‍റി20 അവകാശവാദമാണ് യു.ഡി.എഫ് ഇപ്പോഴും  പൊതുസമൂഹത്തിൽ  ആവർത്തിക്കുന്നത്. എന്നാല്‍, പകുതിയിലേറെ സീറ്റുകള്‍ ഉറപ്പെന്ന ആത്മവിശ്വാസം ഇടതുനേതാക്കളും പ്രകടിപ്പിക്കുന്നുണ്ട്. ഏറ്റവും കുറഞ്ഞത് 4 സീറ്റ് എന്ന് എൻഡിഎ നേതാക്കളും പറയുന്നു.

മാധ്യമങ്ങള്‍ നടത്തിയ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഒന്നാം തീയതി വൈകീട്ട് പുറത്തുവരും.

രണ്ടാം ഘട്ടത്തിലാണ് കേരളത്തില്‍ പോളിങ് നടന്നത്. പിന്നീടുള്ള ഓരോ ഘട്ടം പിന്നിടുമ്പോഴും ബി.ജെ.പിക്ക് ആദ്യം പ്രതീക്ഷിച്ചപോലെ വ്യക്തമായ മേല്‍ക്കൈ ഇല്ലെന്ന റിപ്പോർട്ടുകളാണ് വന്നത്. ആ നിലയില്‍ കേരളത്തിലെ പോളിങ് അവസാനത്തെ ഘട്ടങ്ങളിലായിരുന്നെങ്കില്‍ കോണ്‍ഗ്രസിന് കുറേക്കൂടി അനുകൂലമായി മാറുമായിരുന്നെന്ന് ഇപ്പോൾ വിലയിരുത്തുന്നവരുമുണ്ട്.

പാലക്കാട്, ആലത്തൂർ, കണ്ണൂർ, ആറ്റിങ്ങല്‍, മാവേലിക്കര എന്നീ ആറ് സീറ്റുകളിലാണ് എല്‍.ഡി.എഫിന്  പൂർണ വിശ്വാസമുള്ളത്. ഈ സീറ്റുകളില്‍ മത്സരം കടുപ്പമായിരുന്നെന്ന് യു.ഡി.എഫും സമ്മതിക്കുന്നു. വയനാട്, മലപ്പുറം, പൊന്നാനി, കോഴിക്കോട്, എറണാകുളം, ഇടുക്കി, ചാലക്കുടി, , കോട്ടയം, കാസർകോട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട സീറ്റുകളില്‍ വിജയം ഉറപ്പെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു. ത്രികോണ മത്സരം നടന്ന തൃശൂരില്‍ ഇരുമുന്നണികള്‍ക്കും ശുഭപ്രതീക്ഷയാണുള്ളത്. കെ. മുരളീധരൻ മുന്നിലെത്തുമെന്ന് കോണ്‍ഗ്രസ് കരുതുമ്പോള്‍ സുനില്‍കുമാറിന്‍റെ ജനകീയത വിജയിക്കുമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷ.

മറ്റൊരു ത്രികോണമത്സരത്തിന് വേദിയായ തിരുവനന്തപുരത്ത് ശശി തരൂർതന്നെയെന്ന് ഉറപ്പിച്ചുപറയുന്നു കോണ്‍ഗ്രസ്. തൃശൂരിലും, തിരുവനന്തപുരത്തും, ആറ്റിങ്ങലിലും വലിയ പ്രതീക്ഷ പറയുന്നുണ്ട് ബി.ജെ.പി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!