ന്യൂഡൽഹി: ബിജെപി നേതാവ് നൽകിയ മാനനഷ്ട കേസിൽ ഡൽഹി മന്ത്രിയും എഎപി നേതാവുമായ അതിഷി മര്‍ലേനയ്ക്ക് കോടതി സമൻസ് അയച്ചു. ബിജെപിയിൽ ചേരാൻ തനിക്കു മേൽ സമ്മർദ്ദമുണ്ടെന്ന അതിഷിയുടെ ആരോപണത്തിൽ പ്രവീൺ ശങ്കർ കപൂർ എന്ന നേതാവാണ് കേസ് നൽകിയത്. ഡൽഹി കോടതിയാണ് സമൻസ് അയച്ചത്. വിചാരണയ്ക്കായി ജൂൺ 29ന് ഹാജരാകണമെന്നാണ് നിർദ്ദേശം..
രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാമെന്ന വാഗ്ദാനവുമായി അടുത്ത സുഹൃത്തു വഴിയാണ് ബിജെപി തന്നെ സമീപിച്ചത് എന്നായിരുന്നു അതിഷിയുടെ വെളിപ്പെടുത്തൽ. ചേർന്നില്ലെങ്കിൽ ഇഡി അറസ്റ്റ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയെന്നും അവർ ആരോപിച്ചിരുന്നു.
സംഭവത്തില്‍ പ്രതികരണവുമായി എഎപി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായി അരവിന്ദ് കെജരിവാള്‍ രംഗത്തെത്തി. അതിഷിയെ അറസ്റ്റ് ചെയ്യുമെന്നു താൻ നേരത്തെ പറഞ്ഞിരുന്നു. അതിനുള്ള പദ്ധതിയാണ് സമൻസെന്നു അരവിന്ദ് കെജരിവാൾ ബിജെപിയെ ഉന്നമിട്ട് ആരോപിച്ചു.
സമ്പൂർണ സ്വേച്ഛാധിപത്യത്തിനാണ് അവർ ലക്ഷ്യമിടുന്നത്. മോദി അധികാരത്തിൽ വന്നാൽ എല്ലാ പ്രതിപക്ഷ നേതാക്കളും അറസ്റ്റിലാകുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.