ന്യൂഡൽഹി : രാജ്യത്തെ വിഐപി സുരക്ഷാ ചുമതല ഇനി പൂർണ്ണമായും സിആർപിഎഫിന്. നേരത്തെ നാഷണൽ സെക്യൂരിറ്റി ഗാർഡ് എന്ന എൻഎസ്ജി വഹിച്ചിരുന്ന ചുമതലയാണ് ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പൂർണമായും സിആർപിഎഫിന് കൈമാറുന്നത്. പ്രധാനമന്ത്രി ഒഴികെയുള്ള രാജ്യത്തെ വിഐപികളുടെ സുരക്ഷയായിരുന്നു എൻഎസ്ജി നിർവഹിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല എസ്‌പിജി ആണ് നിർവഹിക്കുന്നത്.
എൻഎസ്ജിയെ അതിന്റെ യഥാർത്ഥ പ്രവർത്തന മേഖലയായ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കും രാജ്യ സുരക്ഷയ്ക്കുമായി പൂർണ്ണമായും നിയോഗിക്കാനായാണ് വിഐപി സുരക്ഷാ ഡ്യൂട്ടിയിൽ നിന്നും മാറ്റുന്നത്. എൻഎസ്ജിയുടെ ബ്ലാക്ക് ക്യാറ്റ് കമാൻഡോകളെയും വിഐപി സുരക്ഷ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
നിലവിൽ രാജ്യത്തെ 8 വ്യക്തികൾക്കാണ് എൻഎസ്ജി സുരക്ഷ നൽകുന്നത്. ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, ബിഎസ്പി അധ്യക്ഷ മായാവതി, ഗുലാം നബി ആസാദ്, ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി രമൺ സിംഗ്, കേന്ദ്രമന്ത്രി സർബാനന്ദ സേനോവാൾ എന്നിവർക്കാണ് എൻഎസ്ജി സുരക്ഷ നൽകുന്നത്.
കേന്ദ്ര അർദ്ധസൈനിക വിഭാഗമായ സിആർപിഎഫ്, സിഐഎസ്എഫ് തുടങ്ങിയവയ്ക്ക് ആയിരിക്കും ഇനി ഈ വിഐപികളുടെ സുരക്ഷാ ചുമതല നൽകുക. ഇതോടെ 500 ഓളം എൻഎസ്ജി കമാൻഡോകളെ ഭീകരവിരുദ്ധ, ഹൈജാക്ക് വിരുദ്ധ പ്രവർത്തനങ്ങൾക്ക് നിയോഗിക്കാം എന്നാണ് ആഭ്യന്തരമന്ത്രാലയം കണക്കുകൂട്ടുന്നത്.