കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തെ ആരാധനയായ തിരുവോണം ആരാധന മെയ് 29 ന് നടക്കും. ഇതിന് മുൻപ് പൂർത്തിയാക്കേണ്ട മണിത്തറയിലെ താത്കാലിക ശ്രീകോവിലിന്റെ നിർമ്മാണം പൂർത്തിയായി.
അതേസമയം മഹോത്സവത്തിന് എത്തുന്ന തീർത്ഥാടകർക്ക് അക്കര കൊട്ടിയൂരിൽ മണിത്തറക്ക് സമീപത്തായി പ്രസാദം വിതരണം ചെയ്യുവാനുള്ള പ്രത്യേക സംവിധാനം ഒരുക്കി. ഇത് ഭക്തജനങ്ങൾക്ക് ഏറെ ആശ്വാസമായിട്ടുണ്ട്.
ഉത്സവം തുടങ്ങിയതിനു ശേഷത്തെ ആദ്യത്തെ ഞായറാഴ്ചയായ ഇന്നലെ സാമാന്യം ഭേദപ്പെട്ട തിരക്കാണ് അനുഭവപ്പെട്ടത്. ഈ തിരക്ക് കണക്കിലെടുത്താണ് കഴിഞ്ഞദിവസം നടന്ന അടിയന്തര യോഗത്തിൽ പ്രസാദ വിതരണത്തിന് കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നതിനായി തീരുമാനമുണ്ടായത്. പുതിയ പ്രസാദ കൗണ്ടർ കൗണ്ടർ വന്നതോടെ മണിത്തറയിൽ ദർശനത്തിനുണ്ടാകുന്ന തിരക്ക് വലിയ തോതിൽ കുറയ്ക്കാനും അധികൃതർക്ക് സാധിച്ചിട്ടുണ്ട്.
