ലഖ്‌നൗ: മിര്‍സാപൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ചായയുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. കപ്പും പ്ലേറ്റും കഴുകിയും ചായ വിളമ്പിയുമാണ് താന്‍ വളര്‍ന്നതെന്ന് മോദി പറഞ്ഞു.
വര്‍ഗീയ വാദികളാണ് ഇന്ത്യ മുന്നണി. മുങ്ങിക്കൊണ്ടിരിക്കുന്ന സമാജ്‌വാദി പാര്‍ട്ടിക്കൊക്കെ ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്നും മോദി പരിഹസിച്ചു.
”സമാജ്‌വാദി പാര്‍ട്ടിക്ക് വേണ്ടി ആരും വോട്ടുകള്‍ പാഴാക്കാന്‍ ആഗ്രഹിക്കില്ല. മുങ്ങിക്കൊണ്ടിരിക്കുന്നവര്‍ക്ക് ജനം വോട്ട് ചെയ്യില്ല. സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പുള്ളവര്‍ക്കേ അവര്‍ വോട്ട് ചെയ്യുകയുയുള്ളൂ. പിടിക്കപ്പെടുന്ന തീവ്രവാദികളെ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ വെറുതെവിടും. അതിന് കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യും.” റാലിയില്‍ മോദി ആരോപിച്ചു.
ഇന്ത്യ മുന്നണിയിലെ ആളുകളെ ജനങ്ങള്‍ മനസ്സിലാക്കിയെന്നും, ഇക്കൂട്ടര്‍ കടുത്ത വര്‍ഗീയവാദികളാണെന്നും പറഞ്ഞ മോദി, ഇവര്‍ ജാതിചിന്ത പേറുന്നുവെന്നും, സ്വന്തം കുടുംബങ്ങള്‍ക്ക് വേണ്ടി മാത്രമാണവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ചു. യാദവ സമുദായത്തില്‍ കഴിവുള്ള എത്രയോ പേരുണ്ടായിട്ടും അഖിലേഷ് യാദവ് സ്വന്തം കുടുംബത്തില്‍ പെട്ടവര്‍ക്ക് മാത്രമാണ് സീറ്റ് നല്‍കുന്നത്. യുപിയും പുര്‍വാഞ്ചലും അവര്‍ മാഫിയ കേന്ദ്രങ്ങളാക്കി മാറ്റി. സമാജ്‌വാദി പാര്‍ട്ടി ഭരണകാലത്ത് ആര്‍ക്കും ഭൂമി തട്ടിയെടുക്കാമെന്ന അവസ്ഥയായിരുന്നു. ആന്‍ മാഫിയ അംഗങ്ങളും വോട്ട് ബാങ്കായി കണക്കാക്കപ്പെട്ടു. റാലിയിലെ പ്രസംഗത്തില്‍ പ്രധാനമന്ത്രി ആരോപിച്ചു.
