തൃശ്ശൂർ : മഴക്കാല ശുചീകരണം സമയബന്ധിതമായി നടപ്പാക്കാൻ കോർപ്പറേഷൻ ശ്രമിച്ചില്ലെന്ന് ആരോപിച്ച് കോർപ്പറേഷൻ മേയറുടെ ചേമ്പറിന് മുൻപിൽ ബിജെപി കൗൺസിലർമാർ കുത്തിയിരുപ്പ് സമരം നടത്തി.
തൃശ്ശൂർ നഗരത്തിലെ തോടുകളും, ഓടകളും, കനാലുകളും മഴക്കാലം തുടങ്ങുന്നതിനു മുൻപേ അടിയന്തിരമായി വൃത്തിയാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും കോർപറേഷന്റെ അനാസ്ഥ മൂലം തൃശ്ശൂർ
നഗരത്തിലെ വിവിധ ഭാഗങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസം വെള്ളം കയറി കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ജനങ്ങൾക്ക് ഉണ്ടായത്. ഇതിന്റെ പരിപൂർണ്ണ ഉത്തരവാദിത്വം മേയർക്കാണെന്ന് ബിജെപി ആരോപിച്ചു.

ഡിവിഷനുകളിലെ തോടുകളും, ഓടകളും കനാലുകളും മഴക്ക് മുൻപ് അടിയന്തിരമായി പായലും ചണ്ടിയും മറ്റു മാലിന്യങ്ങളും നീക്കി വൃത്തി യാക്കണമെന്നാവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ മേയർ എം. കെ. വർഗീസിന് മെയ് ആദ്യവാരം തന്നെ കത്ത് നൽകിയിരുന്നു. മഴക്കാലപൂർവ ശുചീകരണം ഉടൻ നടത്തിയില്ലെങ്കിൽ വെള്ളക്കെട്ട് പോലുള്ള പ്രശ്നങ്ങൾ ഉണ്ടായി വീടുകളിൽ വെള്ളം കയറുന്ന സാഹചര്യം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി മേയറേ നേരിൽ കണ്ടും ആവശ്യപ്പെട്ടിരുന്നു. അടിയന്തിരമായി ശുചീകരണ പ്രവർത്തിഖൾ തുടങ്ങുമെന്ന്
ബിജെപി കൗൺസിലർമാർക്ക്
മേയർ ഉറപ്പ് നൽകുകയും ചെയ്തിരുന്നതാണ്. കോർപ്പറേഷന്റെ തികഞ്ഞ അനാസ്ഥയും കെടുകാര്യസ്ഥയും മൂലം ഉണ്ടായ കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടങ്ങൾക്ക് മേയർ മറുപടി പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.
സമരത്തിൽ ബിജെപി പാർലമെന്ററി ലീഡറും കൊക്കാല ഡിവിഷൻ കൗൺസിലറുമായ വിനോദ് പൊള്ളാഞ്ചേരി, പൂങ്കുന്നം ഒന്നാം ഡിവിഷൻ കൗൺസിലർ ഡോ.വി ആതിര, കോട്ടപ്പുറം ഡിവിഷൻ കൗൺസിലർ നിജി കെ ജി, പാട്ടുരായ്ക്കൽ ഡിവിഷൻ കൗൺസിലർ രാധിക, ബിജെപി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോൻ,പാർട്ടി സംസ്ഥാന കൗൺസിൽ അംഗം വി ആർ മോഹനൻ, ഒല്ലൂർ മണ്ഡലം ജന:സെക്രട്ടറി
സുശാന്ത് ഐനിക്കുന്നത് തുടങ്ങിയവർ
കുത്തിയിരുപ്പ് സമരത്തിന് നേതൃത്വം നൽകി.