കാൽ നൂറ്റാണ്ടായി ചികിത്സ നടത്തിവന്ന വ്യാജ ഡോക്ടർ പിടിയിൽ: മൂലക്കുരുവിനും ഫിസ്റ്റുലയ്ക്കും ചികിത്സ

കുന്നംകുളം : പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് പിടികൂടി. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരുന്ന അസം സ്വദേശി പ്രകാശ് മണ്ഡലാണ് (53) അറസ്റ്റിലായത്.

മൂലക്കുരു, ഫിസ്റ്റുല എന്നീ രോഗങ്ങള്‍ക്ക് ചികിത്സ നടത്തിവരികയായിരുന്നു. വാടക വീടെടുത്താണ് റോഷ്‌നി ക്ലിനിക്ക് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്നത്. പോലീസ് നടത്തിയ പരിശോധനയില്‍ ഒട്ടേറെ രേഖകളും ചികിത്സയ്ക്കായി ഉപയോഗിക്കുന്ന വസ്തുക്കളും പിടികൂടി.

25 വര്‍ഷമായി ഇയാള്‍ പാറേമ്പാടത്ത് വാടക വീട് എടുത്ത് ‘ചികിത്സ’ നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു. പച്ചമരുന്നും മറ്റ് ചില മരുന്നുകളുമാണ് ഇയാള്‍ ചികിത്സയ്ക്കെത്തുന്നവര്‍ക്ക് നല്‍കി വന്നിരുന്നത്. ഓദ്യോഗികമായി ഡോക്ടര്‍ ബിരുദമില്ലാതെ പേരിനോടൊപ്പം ഡോക്ടര്‍ എന്ന് ചേര്‍ത്താണ് ഇയാള്‍ രോഗികളെ നോക്കിയിരുന്നത്.

പൈല്‍സിനും ഫിസ്റ്റുലയ്ക്കും വ്യാജ ചികിത്സ നടത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. റോഷ്നി ക്ലിനിക് എന്ന സ്ഥാപനത്തിന്റെ മറവിലാണ് പ്രതി വ്യാജ ചികിത്സ നടത്തിയിരുന്നതെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!