ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളിലും രാജ്യത്തെ വിവിധ കോളജുകളിലും ബിരുദ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയായ സിയുഇടി യുജി 2024ന്റെ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് മെയ് 21 മുതല്‍. മെയ് 21, 22,24 തീയതികളിലായി 48 വിഷയങ്ങളിലേക്ക് നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു.
ദേശീയ തലത്തില്‍ 300 നഗരങ്ങളിലായി 600 പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.ac.in.ല്‍ പ്രവേശിച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി എന്നിവ നല്‍കിയാണ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. പ്രിന്റ്ഔട്ട് എടുത്ത ഹാള്‍ടിക്കറ്റിനൊപ്പം അംഗീകൃത തിരിച്ചറിയല്‍ രേഖയുമായാണ് വിദ്യാര്‍ഥി പരീക്ഷാഹാളില്‍ എത്തേണ്ടത്.
മെയ് 15 മുതല്‍ 18 വരെ നടന്ന എഴുത്തുപരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളില്‍ 87.09 ശതമാനത്തിന്റെയും പരീക്ഷ പൂര്‍ത്തിയായതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആദ്യ ചോയ്സ് ടെസ്റ്റ് സെന്റര്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍, രാജ്യത്തുടനീളമുള്ള മിക്കവാറും എല്ലാ ഇതര ജില്ലകള്‍ക്കും ഒരു ടെസ്റ്റ് സെന്റര്‍ ഉണ്ടെന്ന് എന്‍ടിഎ ഉറപ്പുവരുത്തി. പ്രത്യേകിച്ച് ആദിവാസി മേഖലകളിലും മലയോര പ്രദേശങ്ങളിലും വടക്കുകിഴക്കന്‍ മേഖലയിലും ഇത് ഉറപ്പാക്കിയതായി യുജിസി ചെയര്‍മാന്‍ എം ജഗദീഷ് കുമാര്‍ അറിയിച്ചു.
