കായംകുളത്ത് പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ശ്രമം 3 പേർ പിടിയിൽ

കായംകുളം : കായംകുളത്ത് ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ക്രോസ്സിൽ ഇട്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ചു. അരുൺ പ്രസാദ് എന്നയാളെയാണ് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയത്. മർദ്ദിച്ചവശനാക്കിയ ശേഷം റെയിൽവേ ക്രോസ്സിൽ ഇട്ട് വെട്ടികൊല്ലാനായിരുന്നു ശ്രമം. സംഭവത്തിൽ മൂന്ന് പേർ പൊലീസ് പിടിയിലായി.

വെള്ളിയാഴ്ച രാത്രി 11 മണിക്ക് നടന്ന ചില സംഭവങ്ങളാണ് ഗുണ്ടാസംഘത്തിന്റെ ആക്രമത്തിലേക്ക് കലാശിച്ചത്. ഒരു സംഘം പൊലീസ് സിവിൽ ഡ്രസ്സിൽ കായംകുളത്തെ കടയിൽ ചായകുടിക്കാനെത്തിയിരുന്നു.

ഈ സമയത്ത് ഇവിടെയെത്തിയ ഗുണ്ടാ സംഘത്തിലെ ചിലർ സിഗരറ്റ് വലിച്ചു. ഇത് പൊലീസുകാർ ചോദ്യം ചെയ്തതോടെ പൊലീസും യുവാക്കളുമായി സംഘർഷമുണ്ടായി. സംഘർഷത്തിനിടെ ഗുണ്ടാ നേതാവിന്റെ ഫോൺ നഷ്ടപ്പെട്ടു. ഈ ഫോൺ പൊലീസിൽ ഏൽപ്പിച്ചത് മർദ്ദനമേറ്റ അരുൺ പ്രസാദായിരുന്നു. ഈ വൈരാഗ്യത്തിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്.

യുവാവിനെ ആക്രമിച്ച കൃഷ്ണപുരം സ്വദേശികളായ അമൽ ചിന്തു, അഭിമന്യു, അനൂപ് ശങ്കർ എന്നിവരാണ് പിടിയിലായത്. യുവാവിനെ മർദിക്കുന്നത് ഗുണ്ടകൾ തന്നെ മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങളും പുറത്ത് വന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!