വാരാണസിയെ വലയം ചെയ്ത് മോദിക്കടൽ; നരേന്ദ്രമോദി ഇന്ന് പത്രിക സമർപ്പിക്കും

ലക്‌നൗ : വാരാണാസിയെ ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലക്ഷക്കണക്കിന് പ്രവർത്തകർ അണിനിരന്ന റോഡ് ഷോയാണ് ഇന്നലെ നടന്നത്.

ഇന്ന് നരേന്ദ്ര മോദി വാരാണസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള 12 മുഖ്യമന്ത്രിമാർ പങ്കെടുക്കും. വാരാണസിയിൽ മൂന്നാം തവണയാണ് മോദി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

2014, 19 വർഷങ്ങളിൽ വൻ ഭൂരിപക്ഷത്തോടെയാണ് പ്രധാനമന്ത്രി മണ്ഡലത്തിൽ വിജയം കൈവരിച്ചത്. അദ്ധ്യക്ഷൻ അജയ് റായ് ആണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി. മൂന്നാം തവണയാണ് അജയ് പ്രധാനമന്ത്രിയുമായി ഏറ്റുമുട്ടുന്നത്.

പത്രിക സമർപ്പിക്കുന്നതിന് മുമ്പ്, പ്രധാനമന്ത്രി ദശാശ്വമേധ ഘട്ടിൽ ഗംഗയ്ക്ക് പ്രണാമം അർപ്പിക്കുകയും ഗംഗയിൽ കുളിക്കുകയും ചെയ്യും. അവിടെ നിന്ന് ബാബ കാലഭൈരവ ക്ഷേത്രത്തിൽ പ്രാർഥന നടത്തും. തുടർന്ന് പ്രധാനമന്ത്രി പത്രിക സമർപ്പിക്കാൻ കളക്ടറേറ്റിലെത്തും. പിന്നീട് കൺവൻഷൻ സെന്ററിൽ പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയേക്കും.

കഴിഞ്ഞ ദിവസം വാരാണാസിയിൽ റോഡ് ഷോ നടത്തിയിരുന്നു. അഞ്ച് കിലോമീറ്റർ മെഗാ റോഡ് ഷോയാണ് പ്രധാനമന്ത്രി നടത്തിയത്. ബനാറസ് ഹിന്ദു സർവകാലാശാലയിലെ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് പ്രധാനമന്ത്രി റോഡ്‌ഷോ ആരംഭിച്ചത്. വൻ ജനാവലിയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയത്.

സ്ത്രീകളുടെ നൃത്തവും മറ്റ് പരിപാടികളും റോഡ്‌ഷോയുടെ ഭാഗമായി ഉണ്ടായിരുന്നു. എല്ലാ ഹൃദയത്തിലും മോദി, ഇത്തവണ നാനൂറിലേറെ സീറ്റ്’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് മോദിയുടെ ആരാധകർ അദ്ദേഹത്തെ കാണാൻ എത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!