തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിൽ ആത്മഹത്യ കൂടുന്നതായി റിപ്പോർട്ട്. വിഷാദരോഗവും ജോലി സമ്മർദവുമാണ് ആത്മഹത്യയുടെ പ്രധാന കാരണങ്ങളായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ നാല് വർഷത്തിനിടെ മാത്രം 69 പോലീസുദ്യോഗസ്ഥർ കേരളത്തിൽ ആത്മഹത്യ ചെയ്തതെന്നാണ് കണക്ക്.അമിത ജോലിഭാരത്തെത്തു ടർന്നും ജോലി സമ്മർദ്ദത്തെത്തുടർന്നും സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം കൂടുകയാണ്.

പൊലീസുദ്യോഗസ്ഥരെ വിഷാദരോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാനുള്ള സംവിധാനങ്ങളും ഫലപ്രദമാകുന്നില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇക്കഴിഞ്ഞ നവംബറിൽ പൊലീസ് ആസ്ഥാനത്ത് ചേർന്ന പൊലീസ് ഉന്നതതല യോഗത്തിൽ അവതരിപ്പിച്ച കണക്കാണ് അവസാനമായി ഉള്ളത്. അതിന് ശേഷവും പൊലീസിൽ നിരവധി ആത്മഹത്യകൾ നടന്നു.
കുടുംബപരമായ കാരണങ്ങളാൽ 30 പേരാണ് ആത്മഹത്യ ചെയ്തത്. ആരോഗ്യ കാരണങ്ങളാൽ 5 പേരും വിഷാദ രോഗത്താൽ 20 പേരും ജോലി സമ്മർദ്ദത്താൽ 7 പേരും സാമ്പത്തീക കാരണങ്ങളാൽ 5 പേരും ആത്മഹത്യ ചെയ്തതതായാണ് റിപ്പോർട്ടിൽ അന്ന് പറഞ്ഞത്. രണ്ട് ആത്മഹത്യകളുടെ കാരണം വ്യക്തമല്ലെന്നും അന്ന് പറഞ്ഞിരുന്നു.