ഡല്‍ഹിയില്‍ ബോംബ് ഭീഷണി; വിമാനത്താവളം ഉള്‍പ്പെടെ 10 ആശുപത്രികളില്‍ പൊലീസ് പരിശോധന

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിമാനത്താവളം ഉള്‍പ്പെടെ 10 ആശുപത്രികളില്‍ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെ ഡല്‍ഹിയിലെ ബുരാരി, സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രികളിലാണ് ആദ്യം ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്.

സംഭവത്തില്‍ ബോംബ് സ്‌ക്വാഡും അഗ്‌നിശമനസേനയും ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ എത്തി തിരച്ചില്‍ നടത്തിയിട്ടും ഒരു ഉപകരണവും കണ്ടെത്താനായില്ലെന്ന് മംഗോള്‍പുരി പൊലീസ് പറഞ്ഞു. പരിശോധ തുടരുകയാണെന്നും സംശയാസ്പദമായ വസ്തുക്കളോ ഉപകരണങ്ങളോ ഇതുവരെ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.

ഹിന്ദു റാവു ആശുപത്രി ഉള്‍പ്പെടെ എട്ട് മുതല്‍ 10 വരെ മറ്റ് ആശുപത്രികള്‍ക്കും സമാനമായ ഭീഷണി ഇമെയിലുകള്‍ ലഭിച്ചതായി പൊലീസ് പിന്നീട് വെളിപ്പെടുത്തി. വൈകിട്ട് 6.15ഓടെയാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട കോള്‍ ലഭിച്ചതെന്ന് ഡല്‍ഹി അഗ്‌നിശമനസേനാ മേധാവി അറിയിച്ചു.

കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെയും ഗുജറാത്തിലെ അഹമ്മദാബാദിലെയും സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണിയുണ്ടായിരുന്നെങ്കിലും വ്യാജ സന്ദേശമായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് രാജ്യതലസ്ഥാനത്തുടനീളം 100ലധികം സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി ഉണ്ടായിരുന്നു. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമഗ്രമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. ഇ-മെയിലുകളുടെ കൃത്യമായ ഉറവിടം കണ്ടെത്താന്‍ ഡല്‍ഹി പൊലീസ് റഷ്യന്‍ മെയിലിങ് സേവന കമ്പനിയായ മെയില്‍.റുവിനെ ഇന്റര്‍പോള്‍ വഴി സമീപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!