50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം,  കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

ചെറിയ വേഷങ്ങളിലൂടെ മലയാളിയുടെ മനസില്‍ ഇടം നേടിയ കലാകാരിയായിരുന്നു കനകലത. വിവിധ ഭാഷകളിലായി 350-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച കനകലത അവസാന കാലത്ത് തന്റെ പേര് പോലും മറന്നു പോയ അവസ്ഥയിലൂടെയാണ് കടന്നു പോയത്. പക്ഷേ, രോഗാവസ്ഥയിലും സിനിമ അവരില്‍ മായാതെ നിന്നു. സ്വന്തം സിനിമകള്‍ മാത്രം ഓര്‍മയിലുണ്ടായിരുന്നു. അത്രയേറെ സിനിമയെ ഹൃദയത്തില്‍ സൂക്ഷിച്ച കലാകാരിയായിരുന്നു അവര്‍.

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് കനകലത. സിനിമക്കൊപ്പം സീരിയലുകളിലും അവര്‍ ഒരുപോലെ തിളങ്ങി. എന്നാല്‍ കനകലതയുടെ ജീവിതം ഒരു സിനിമ കഥ പോലെ നാടകീയമായിരുന്നു. കൊല്ലം സ്വദേശിനിയാണ്.ദാരിദ്ര്യത്തില്‍ നിന്ന് അഭിനയലോകത്തിലെത്തി തന്റേതായ അഭിനയ ശൈലി കാഴ്ചവെച്ച കലാകാരിയായിരുന്നു അവര്‍.

നടി കവിയൂര്‍ പൊന്നമ്മയുടെ കുടുംബമാണ് കനകലതയെ സിനിമയിലേക്ക് കൊണ്ടുവന്നത്. കനകലതയുടെ വീട്ടില്‍ അയല്‍ക്കാരിയായ കവിയൂര്‍ പൊന്നമ്മയുടെ കുടുംബം താമസിക്കാന്‍ വന്നത് മുതലാണ് താരത്തിന്റെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവുകള്‍ ഉണ്ടാകുന്നത്. കവിയൂര്‍ പൊന്നമ്മയുടെ സഹോദരി കവിയൂര്‍ രേണുക വഴിയാണ് കനകലതയ്ക്ക് നാടകത്തില്‍ അവസരം ലഭിച്ചു. അവിടെ നിന്ന് സിനിമയിലേക്കും എത്തി.

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ കനകലത നാടകരംഗത്ത് സജീവമായിരുന്നു. 50 രൂപയായിരുന്നു ആദ്യകാലത്ത് കനകലതയുടെ പ്രതിഫലം. സിനിമയില്‍ ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം കനകലത ഒരു മടിയും കൂടാതെ ചെയ്തു. ഷക്കീല ചിത്രങ്ങളിലും അക്കാലത്ത് അഭിനയിച്ചു.

സിനിമയില്‍ സജീവമായി നില്‍ക്കെ 22-ാം വയസ്സിലാണ് കനകലത വിവാഹം കഴിച്ചത്. കനകലതയുടെ സമ്പാദ്യമെല്ലാം ഭര്‍ത്താവ് ധൂര്‍ത്തടിച്ചു. ഇത് മാനസികമായി തളര്‍ത്തി. 16 വര്‍ഷത്തിനു ശേഷം കനകലത വിവാഹമോചനം നേടി. അതിനു ശേഷവും സിനിമയില്‍ താരം സജീവമായിരുന്നു. ഇനി ഒരു വിവാഹമില്ലെന്നും ദാമ്പത്യ ജീവിതം മടുത്തു എന്നും കനകലത ചില അഭിമുഖങ്ങളില്‍ തുറന്നു പറഞ്ഞിട്ടുണ്ട്.  തന്നെ ഭര്‍ത്താവ് ചൂഷണം ചെയ്യുകയായിരുന്നുവെന്നും ദാമ്പത്യജീവിതം തനിക്ക് പരാജയപ്പെട്ടുപോയി എന്നും പറയാന്‍ കനകലതയ്ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല.

2021 ഡിസംബര്‍ തൊട്ടാണ് രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. സഹോദരി വിജയമ്മയാണ് കനകലതയുടെ സ്വഭാവത്തിലെ മാറ്റങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങിയത്. ഈ മാറ്റങ്ങള്‍ കണ്ടപ്പോള്‍ ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ തന്നെ അടച്ചുപൂട്ടിയിരുന്നതിന്റെ പ്രശ്നമാണെന്നാണ് ആദ്യം കരുതിയത്. വിഷാദരോഗമാവാമെന്നായിരുന്നു ആദ്യം കരുതിയത്. ഉറക്കം കുറവായിരുന്നു. പിന്നീടാണ് പാര്‍ക്കിന്‍സണ്‍സും ഡിമന്‍ഷ്യയും ഒരുമിച്ച് പിടികൂടിയതാണെന്ന് തിരിച്ചറിയുന്നത്.

One thought on “50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം,  കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!