ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ബംഗലൂരു: ലൈംഗിക വീഡിയോ വിവാദത്തില്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച കാര്യം അറിയിച്ചത്. കേസില്‍ പ്രത്യേകാന്വേഷണ സംഘം അയച്ച സമന്‍സ് മടങ്ങിയ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ലോകത്തെ എല്ലാ എമിഗ്രേഷന്‍ പോയിന്റുകളിലേക്കും ലുക്കൗട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. കേസെടുത്തതിനു പിന്നാലെ പ്രജ്വല്‍ രാജ്യം വിട്ട സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതെന്ന് മന്ത്രി പരമേശ്വര പറഞ്ഞു. എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പ്രജ്വലിന്റെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.

പ്രജ്വല്‍ രേവണ്ണ ജര്‍മ്മനിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രജ്വല്‍ ഉടന്‍ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. ഹാജരാകാന്‍ ഏഴു ദിവസത്തെ സാവകാശം വേണമെന്നാണ് പ്രജ്വല്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ 24 മണിക്കൂര്‍ സാവകാശം പോലും അനുവദിക്കാനാവുന്നതല്ല. പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ മറ്റൊരു സ്ത്രീ കൂടി പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പരമേശ്വര വെളിപ്പെടുത്തി.

33 കാരനായ പ്രജ്വല്‍ രേവണ്ണ ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ഹാസനില്‍ നിന്നും മത്സരിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ മകന്‍ രേവണ്ണയുടെ മകനാണ് പ്രജ്വല്‍. ഇയാളുടെ ലൈംഗിക വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. തനിക്ക് ലഭിച്ച പെന്‍ഡ്രൈവില്‍ പ്രജ്വല്‍ രേവണ്ണ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്ന 2976 വീഡിയോകളുണ്ടെന്ന് ബിജെപി നേതാവ് ദേവരാജ ഗൗഡ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകള്‍ അടക്കമുള്ളവരുമായി പ്രജ്വല്‍ രേവണ്ണ ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളും ഇതിലുള്‍പ്പെട്ടിരുന്നു.

ഏപ്രിൽ 28ന് ഹോളനർസിപൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ പ്രജ്വലും പിതാവ് എച്ച് ഡി രേവണ്ണയും പ്രതികളാണ്. വീട്ടുജോലിക്കാരിയായ 47 കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയിരുന്നു എന്നാണ് പ്രജ്വലിനെതിരെ ഉയർന്ന ആരോപണങ്ങൾ. ലൈംഗിക വിവാദത്തെത്തുടർന്ന് പ്രജ്വലിനെ ജെഡിഎസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!