ഈരാറ്റുപേട്ട: സിപിഎം ഭരിക്കുന്ന ഈരാറ്റുപേട്ട സർവ്വീസ് സഹകരണബാങ്കിൽ നിക്ഷേപകരുടെ പ്രതിഷേധം. ലക്ഷങ്ങൾ നിക്ഷേപിച്ച് പണം മാസങ്ങളായി തിരികെ ലഭിക്കാതെ നിക്ഷേപകർ പ്രതിസന്ധിയിലാണ്.
പണം തിരികെ ലഭിക്കുന്ന കാര്യത്തിൽ തീരുമാനമാകാതെ വന്നതോടെ നിലത്തുകിടന്നുവരെ നിക്ഷേപകർ പ്രതിഷേധിച്ചു. ഈരാറ്റുപേട്ട പോലീസിലും ഡിവൈഎസ്പിക്കും എസ്പിക്കുമടക്കം പരാതി നല്കിയെങ്കിലും എഫ്ഐആർ ഇടാൻ പോലും തയാറായില്ല. നവകേരള സദസ് വഴി മുഖ്യമന്ത്രിക്ക് മുന്നിലും പരാതി എത്തിയെങ്കിലും നിക്ഷേപകർക്ക് പണം നല്കിയില്ല.
മകളുടെ വിവാഹം, ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി പണംകണ്ടെത്താനാകാതെ സഹകാരികൾ പ്രതിസന്ധിയിലാണ്. പോലീസിന്റെ ഒളിച്ചുകളിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ബാങ്ക് അംഗങ്ങളുടെ നീക്കം.
അനധികൃത ലോണുകളാണ് ബാങ്ക് പൊളിയാൻ വഴിയൊരുക്കിയതെന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്. സിപിഎമ്മുമായി അടുപ്പമുള്ള നിരവധി പേർക്ക് അനധികൃതമായി വായ്പകൾ നൽകിയതായും സഹകാരികൾ ചൂണ്ടിക്കാട്ടുന്നു. 45ഓളം പേരാണ് ഇന്ന് ബാങ്കിലെത്തിയത്.
ഇന്ന് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റിയൻ കുളത്തുങ്കലിന്റെ സാന്നിധ്യത്തിൽ പണം തിരികെ നല്കാമെന്നാണ് ബാങ്ക് നിക്ഷേപകരെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് ബാങ്കിലെത്തിയവരോട് വിതരണം ചെയ്യാൻ ആവശ്യത്തിന് പണം ഇല്ലെന്നായിരുന്നു അധികൃതരുടെ മറുപടി. എംഎൽഎ എത്തുകയും ചെയ്തില്ല. ഇതോടെ നിക്ഷേപകർ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു. നിലത്ത് കിടന്ന് നിലവിളിച്ചാണ് നിക്ഷേപകർ പ്രതിഷേധിച്ചത്.
