വാട്‌സ് ആപ്പ് വഴി പാകിസ്താനിലേക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയ കേസ്; ഗുജറാത്തിൽ യുവാവ് അറസ്റ്റിൽ

അഹമ്മദാബാദ്: പാകിസ്താന് വേണ്ടി നിർണായ വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ യുവാവ് അറസ്റ്റിൽ. ഗുജറാത്ത് ജാംനഗർ സ്വദേശി മുഹമ്മദ് സാഖ്‌ലിനെ ആണ് ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. സമാന കേസിൽ നേരത്തെ മറ്റൊരാൾ കൂടി അറസ്റ്റിലായിരുന്നു.

ഗുജറാത്ത് താരാപൂർ സ്വദേശി ലബ്ശങ്കർ മഹേശ്വരിയെ ആണ് നേരത്തെ അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആയിരുന്നു ഇത്. ഇാളെ ചോദ്യം ചെയ്തതിൽ നിന്നും മുഹമ്മദുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുകയായിരുന്നു.

ലബ്ശങ്കർ അറസ്റ്റിലായ വിവരം അറിഞ്ഞ മുഹമ്മദ് നാളിതുവരെയായി ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ ഒളിതാവളം സംബന്ധിച്ച് അന്വേഷണ സംഘത്തിന് രഹസ്യവിവരം ലഭിച്ചു. ഇതേ തുടർന്ന് അവിടെയെത്തി പിടികൂടുകയായിരുന്നു.

വാട്‌സ് ആപ്പിലൂടെയായിരുന്നു ഇരുവരും പാകിസ്താനിലെ സംഘത്തിന് വിവരങ്ങൾ കൈമാറിയിരുന്നത്. ഇന്ത്യയിൽ നിന്നും വാങ്ങിയ സിംകാർഡുകൾ ഉപയോഗിച്ചായിരുന്നു ഇത്.

ലബ്ശങ്കറിന് സിംകാർഡ് വാങ്ങി നൽകിയത് മുഹമ്മദ് ആണ്. ഈ സിംകാർഡുകൾ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ മുഹമ്മദിനെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇവരുടെ സംഘത്തിൽ കൂടുതൽ പേർ ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.

പാകിസ്താൻ സ്വദേശിയാണ് ലബ്ശങ്കർ. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായി വർഷങ്ങൾക്ക് മുൻപായിരുന്നു ഇയാൾ ഗുജറാത്തിൽ എത്തിയത്. തുടർന്ന് ഇന്ത്യൻ പൗരത്വം നേടിയെടുക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ആണ് ഇയാളുടെ ഫോൺ ഉപയോഗത്തിൽ ഭീകര വിരുദ്ധ സ്‌ക്വാഡിന് സംശയം ഉണ്ടായത്.

ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ പാകിസ്താൻ ബന്ധം വ്യക്തമായി. ഇതോടെയായിരുന്നു അറസ്റ്റ് ചെയ്തത്. സൈനിക വിവരങ്ങൾ ഉൾപ്പെടെയാണ് ഇരുവരും പാകിസ്താനിലെ സംഘങ്ങൾക്ക് കൈമാറിയിരുന്നത് എന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!