വാഷിംഗ്ടൺ : അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ യുവതികൾക്ക് ദാരുണാന്ത്യം. ഗുജറാത്ത് ആനന്ദ് നഗർ സ്വദേശികളായ രേഖബെൻ പട്ടേൽ,സംഗീത ബെൻ പട്ടേൽ, മനീഷാ ബെൻ രാജേന്ദ്രഭായി പട്ടേൽ എന്നിവരാണ് മരിച്ചത്. സൗത്ത് കരോലിനയിലെ ഗ്രിൻവില്ലെ കൗണ്ടിയിലെ ഇന്റര്‍സ്റ്റേറ്റ് 85 ലായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാർ ഡിവൈഡറിലിടിച്ച് 20 അടിയോളം ഉയർന്ന് റോഡിന് വശത്തെ മരത്തിലിടിച്ച് തകരുകയായിരുന്നു.
കാർ ഓടിച്ചിരുന്ന ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമിത വേഗതയാണ് കാർ ഇടിക്കാൻ കാരണം എന്ന് പോലീസ് വ്യക്തമാക്കി. അപകടത്തിൽ കാർ പൂർണമായും തകർന്ന നിലയിലാണ്. കാറിന്റെ ഭാഗങ്ങൾ മരത്തിൽ കുടുങ്ങിയ നിലയിലായിരുന്നു.
കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. അപകട വിവരം കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ അറിയിക്കാനുള്ള ശ്രമം തുടങ്ങിയതായും പോലീസ് അറിയിച്ചു.