തിരഞ്ഞെടുപ്പിന് പിന്നാലെ അഞ്ച് ബില്ലുകളില്‍ ഒപ്പുവെച്ച് ഗവർണർ



തിരുവനന്തപുരം : മാസങ്ങളായി പരിഗണനയിലുണ്ടായിരുന്ന 5 ബില്ലുകളിൽ ഒപ്പുവെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . ഭൂപതിവ് നിയമ ഭേദഗതി ബില്‍, നെല്‍ വയല്‍ നീര്‍ത്തട നിയമ ഭേദഗതി ബില്‍, ക്ഷീരസഹകരണ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടിരിക്കുന്നത്.

നിയമസഭ പാസാക്കിയ ബില്ലുകളായിരുന്നു ഗവർണറുട പരിഗണനയിൽ ഉണ്ടായിരുന്നത്.ഇതോടെ ഗവര്‍ണറുടെ പരിഗണനയിലുണ്ടായിരുന്ന മുഴുവന്‍ ബില്ലുകള്‍ക്കും അനുമതിയായിരിക്കുകയാണ്.

ഇടുക്കിയിലെ കർഷകർ ആശങ്ക ഉന്നയിച്ച സാഹചര്യത്തിൽ ഭൂഭേദഗതി ബില്ലിൽ മാത്രമായിരുന്നു ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നത്.ഭൂപതിവ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പു വയ്ക്കാത്ത ഗവര്‍ണര്‍ക്കെതിരെ മുന്‍ മന്ത്രി എംഎം മണി രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ചിരുന്നു.

വിവാദങ്ങൾ ഇല്ലാത്ത അഞ്ചു ബില്ലുകളിലാണ് ഗവർണർ ഇപ്പോള്‍ ഒപ്പുവെച്ചിരിക്കുന്നത്. സർക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന യൂണിവേഴ്സിറ്റി ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. നിലവിൽ ഒപ്പുവെച്ച അഞ്ച് ബില്ലുകളിലും സർക്കാരുമായി ഗവർണർക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!