പ്രധാനമന്ത്രിയുടെ പ്രസംഗം: ദൃശ്യങ്ങള്‍ ഹാജരാക്കണം; നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബന്‍സ്വാര ജില്ലാ ഇലക്ടറല്‍ ഓഫീസര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. പ്രസംഗത്തിന്റെ ഉള്ളടക്കം എഴുതി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസംഗവുമായി ബന്ധപ്പെട്ട ന്യൂസ് പേപ്പര്‍, ചാനല്‍ ക്ലിപ്പുകളും ഇന്നു തന്നെ ഹാജരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന്റെ പരാതിയിന്മേലാണ് നടപടി.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുഴുവന്‍ മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ പ്രസംഗമാണ് വിവാദമായത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ ഉണ്ടാകാവുന്ന ആപത്ത് ഓര്‍മ്മപ്പെടുത്തുന്നു എന്നവകാശപ്പെട്ടായിരുന്നു മോദിയുടെ വാക്കുകൾ. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യ പരിഗണന നല്‍കുക മുസ്ലീങ്ങള്‍ക്കായിരിക്കും, കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണം അവരിലേക്ക് ഒഴുക്കുമെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു.

പ്രധാനമന്ത്രിയുടേത് വിദ്വേഷ പ്രസംഗത്തിന്‍റെ പ്രത്യക്ഷ ഉദാഹരണമാണെന്നും, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മോദിയെ വിലക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സന്ദർശിച്ചിരുന്നു.

വിദ്വേഷ പ്രസംഗത്തിനെതിരെ ഒപ്പ് ശേഖരണവും തുടങ്ങി. ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകാനാണ് നീക്കം. മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ഇന്ത്യ മുന്നണിയിലെ മറ്റ് പ്രതിപക്ഷ പാർട്ടികളും രംഗത്തു വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!