പാറ്റ്ന : ബിഹാറിന് പ്രത്യേകപദവിയും പ്രത്യേക സാമ്പത്തിക പാക്കേജും ആവശ്യപ്പെട്ട് ജെഡിയു ദേശീയ കണ്‍വെന്‍ഷൻ പാസാക്കിയ പ്രമേയം ചർച്ചയാകുന്നു. കേന്ദ്ര സര്‍ക്കാരിനോടുള്ള ആവശ്യമെന്ന നിലയിലാണ് എന്‍ഡിഎയിലെ പ്രധാന സഖ്യകക്ഷിയായ ജെഡിയു പ്രമേയം മുന്നോട്ട് വച്ചിരിക്കുന്നത്.
നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് കര്‍ശന നടപടികളും ജെഡിയു ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരപരീക്ഷകളിലെ ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ ശക്തമായ നിയമം പാര്‍ലമെന്റില്‍ പാസാക്കണമെന്നും ജെഡിയു ആവശ്യപ്പെട്ടിട്ടുണ്ട്.
ജാതി സംവരണവുമായി ബന്ധപ്പെട്ട ജെഡിയു നിലപാടും ബിജെപിക്കും എന്‍ഡിഎ മുന്നണിയ്ക്കും തലവേദനയാണ്. ബിഹാറിലെ പിന്നാക്ക സംവരണം 65% ആക്കിയ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുമെന്നും ആര്‍ജെഡി പ്രമേയത്തിലുണ്ട്. ജാതി സെന്‍സസിന്റെ അടിസ്ഥാനത്തിലായിരുന്നു ബിഹാറില്‍ പിന്നാക്ക സംവരണം 65% ആക്കിയത്.
ജാതി സര്‍വെകള്‍ നടത്താന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നായിരുന്നു നേരത്തെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നത്. ജെഡിയു പിന്നാക്ക സംവരണ നിലപാടില്‍ ഉറച്ചുനിന്നാല്‍ ബിജെപി പ്രതിരോധത്തിലാകും.