തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ചിത്രത്തിനൊപ്പം അന്തരിച്ച നടന്‍ ഇന്നസെന്റിന്റെ ചിത്രമുള്ള പ്രചാരണ ബോര്‍ഡ് നീക്കി. ഇന്നസെന്റിന്റെ ചിത്രം ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് എല്‍ഡിഎഫ്, ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കിയതിനു പിന്നാലെ എൻ ഡി എ പ്രവർത്തകർ തന്നെയാണ് ബോര്‍ഡ് നീക്കിയത്. തങ്ങളുടെ അനുവാദത്തോടെയല്ല സുരേഷ് ഗോപിയുടെ ബോര്‍ഡില്‍ ഇന്നസെന്റിന്റെ ഫോട്ടോ വന്നതെന്നും പാര്‍ട്ടിയുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഇന്നസെന്റിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയും ഇന്നസെന്റും ഒരുമിച്ചുള്ള ചിത്രം സഹിതം ഇവിടെ ബോര്‍ഡ് ഉയര്‍ന്നത്. കൂടല്‍മാണിക്യം ഉത്സവം നടക്കുന്നതിനാല്‍ ഉത്സവ ആശംസകളോടൊപ്പം വോട്ട് അഭ്യര്‍ഥിച്ചാണ് ബോര്‍ഡ് ഉയര്‍ത്തിയത്. ഇതാണ് വിവാദമായത്.
