ന്യൂഡല്‍ഹി: പ്രതിമാസ വേതന പരിധി ഉയര്‍ത്താന്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിലവിലെ 15000 രൂപയില്‍ നിന്ന് ഉയര്‍ത്താനാണ് നീക്കം.
സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗമാകുന്നതിന് 2014ലാണ് ഇതിന് മുന്‍പ് വേതന പരിധി ഉയര്‍ത്തിയത്. അന്ന് 6500 രൂപയില്‍ നിന്ന് 15000 രൂപയാക്കിയാണ് ഉയര്‍ത്തിയത്. അവിദഗ്ധമേഖലയില്‍ ജോലി ചെയ്യുന്നവരെയും പരിധിയില്‍ കൊണ്ടുവന്ന് പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് വേതന പരിധി ഉയര്‍ത്തുന്ന കാര്യം ആലോചിക്കുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നതായാണ് റിപ്പോര്‍ട്ട്.
‘കേന്ദ്ര സര്‍ക്കാരില്‍ മിനിമം വേതനം 18,000 രൂപയാണ്. 2014 മുതല്‍ വേതന പരിധി 15,000 രൂപയാണ്. നിരവധി കരാര്‍ തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ നഷ്ടമാകുന്നതിന് ഇത് കാരണമാകുന്നുണ്ട്. വേതന പരിധി 25,000 രൂപയായി ഉയര്‍ത്തണം’- വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.