തിരുവനന്തപുരം : അനന്തപുരിക്ക് ലഭിക്കുന്ന ഏറ്റവും അമൂല്യമായ വിഷുക്കൈനീട്ടം. ഉദയ സമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് മാനേജിങ് ഡയറക്ടർ രാജശേഖരൻ നായർ പണികഴിപ്പിച്ച പാളയം ഗണപതി ക്ഷേത്ര ഗോപുരത്തിന്റെ സമർപ്പണം ഇന്ന് വൈകിട്ട് നടന്നപ്പോൾ അത് ഒരു ജനത ഏറെ നാളായി കാത്തിരുന്ന പുനരുദ്ധാരണത്തിന്റെ സാക്ഷാത്കാരമാകുന്നു.
കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയായി ഉയര്‍ത്തിക്കാട്ടുന്നതാണ് തിരുവനന്തപുരം നഗരത്തിലെ പാളയം എന്ന പ്രദേശം. അതിന് കാരണം അവിടുത്തെ മൂന്നു ദേവാലയങ്ങളായ ഗണപതി ക്ഷേത്രം, ജുമാ മസ്ജിദ്, സെന്റ് ജോസഫ്‌സ് ചര്‍ച്ച്. മൂന്നു മതങ്ങളുടെ ആരാധനാലയങ്ങള്‍ അടുത്തടുത്ത് നിൽക്കുന്നത് മത സൗഹാർദ്ദത്തിന്റെ പ്രതീകം തന്നെയാണ്.
മാര്‍ബിളിലും വെള്ളക്കല്ലിലും പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന മോസ്‌കും ചർച്ചും അതാത് മതസ്ഥർക്ക് അഭിമാന ഹേതുവെങ്കിലും അതിന്റെ രണ്ടിന്റെയും തലയെടുപ്പിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചെറിയൊരു ഓടിട്ട കെട്ടിടമായി നില്ക്കുന്ന പുരാതനമായ ഗണപതി ക്ഷേത്രം സ്വാഭിമാനഹിന്ദുവിനെ സംബന്ധിച്ചു തെല്ല് നോവ് കലർന്ന അപകർഷതയുടെ ഹേതു തന്നെയായിരുന്നു നാളിത് വരേയ്ക്കും.
പതിനെട്ടാം നൂറ്റാണ്ടിൽ മാർത്താണ്ഡ വർമ്മ മഹാരാജാവിന്റെ കാലശേഷം അദ്ദേഹത്തിന്റെ അനന്തരവൻ കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവായി സ്ഥാനമേറ്റപ്പോൾ പദ്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തെക്ക് രാജ്യത്തിന്റെ തലസ്ഥാനം മാറ്റുകയുണ്ടായി. അക്കാലത്ത് ട്രാവൻകൂർ നായർ ബ്രിഗേഡിൽപ്പെട്ട പട്ടാളക്കാരും കുതിരപ്പട്ടാളക്കാരും തങ്ങൾ പത്മനാഭപുരത്ത് ആരാധിച്ചിരുന്ന രണ്ടു ഗണപതി വിഗ്രഹങ്ങളും ഒരു ഹനുമാൻ വിഗ്രഹവും കൂടെ കൊണ്ട് വന്നു. അതിൽ ഒരെണ്ണമാണ് ഇന്നത്തെ പഴവങ്ങാടി ക്ഷേത്രത്തിൽ ഉള്ള വിഗ്രഹം.
രണ്ടാമത്തേത് പട്ടാളക്കാർ തമ്പടിച്ച പാളയത്തും പ്രതിഷ്ഠിച്ചു. ഹനുമാൻ വിഗ്രഹം ഇന്നത്തെ നിയമസഭാ മന്ദിരത്തിന്റ അടുത്തും പ്രതിഷ്ഠിച്ചു. അങ്ങനെയാണ് പാളയം എന്ന സ്ഥലം (കന്റോൻമെന്റ്) ഉണ്ടാകുന്നതും അവിടെ ഒരു ഗണപതി ക്ഷേത്രം ഉണ്ടായതും.
പിൽക്കാലത്ത് ഭാരതം ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ആയെങ്കിലും “Princely State” എന്ന നിലയ്ക്ക് രാജഭരണം ആയതിനാൽ അന്നും പട്ടാള കേന്ദ്രം പാളയത്ത് തന്നെ തുടർന്നു.
അക്കാലത്ത് തിരുവിതാംകൂർ സേനയിൽ ധാരാളം ഇസ്ലാം മതസ്ഥരും ക്രിസ്തുമത വിശ്വാസികളും അണിനിരന്നു. 1814-ൽ സ്വാതി തിരുനാൾ മഹാരാജാവ് നാട് ഭരിച്ചിരുന്ന കാലത്താണ് ആദ്യമായി ഒരു പള്ളി പാളയത്ത് ഉയരുന്നത് , “പട്ടാള പള്ളി” എന്നറിയപ്പെട്ടിരുന്ന ആ പള്ളിയാണ് ഇന്നത്തെ പാളയം ജുമാ മസ്ജിദ്.
ഈ മസ്ജിദ് ഉണ്ടായി അറുപതോളം വർഷങ്ങൾ കഴിഞ്ഞാണ് തൊട്ടടുത്ത് തന്നെ ഒരു ക്രിസ്ത്യൻ പള്ളി പണിഞ്ഞത്. അത് ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്തായിരുന്നു. അതാണ് ഇന്ന് കാണുന്ന സെന്റ് ജോസെഫ്സ് പള്ളി അങ്ങനെ സകല മതത്തിൽ പെട്ട സൈനികർക്കും ആരാധിക്കാൻ നിർമ്മിച്ച ദേവാലയങ്ങൾ പിന്നീട് തിരുവനന്തപുരത്തെ പ്രധാനപ്പെട്ട ദേവാലയങ്ങൾ എന്നതിനേക്കാൾ മത സൗഹാർദ്ദത്തിന്റെ പ്രതീകങ്ങൾ ആയി മാറി.
മോസ്‌ക്കും പള്ളിയും നിരവധി വട്ടം നവീകരണങ്ങൾക്ക് ശേഷം പ്രൗഢമന്ദിരങ്ങളായി മാറിയപ്പോൾ പിള്ളയാർ വാഴുന്ന ഇടം മാത്രം കൊച്ച് അമ്പലമായി ഒതുങ്ങി. തൊണ്ണൂർ സെന്റിലധികം സ്ഥലത്ത് നിന്ന ക്ഷേത്രം പിന്നീട് വെറും ഏഴ് സെന്റ് ഭൂമിയിൽ ഒതുങ്ങി.
പാളയം എന്ന പട്ടാളക്കാരുടെ തമ്പ് അടിക്കുന്ന പ്രദേശത്തിന്റെ മുഴുവൻ നാഥൻ ആയി ഒരുകാലത്ത് വിളങ്ങിയ ദേവൻ പിന്നീട് തിരക്കുള്ള പ്രദേശത്തെ ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു കൊച്ച് ക്ഷേത്രത്തിൽ ഒതുങ്ങി. ആ നാഥന് ഇന്ന് കാണിക്കയായി, വിഷുക്കൈനീട്ടമായി സമർപ്പിക്കപ്പെടുന്നു ഏറ്റവും പ്രൗഢിയുള്ള ഗോപുര മന്ദിരം. ഇനി അനന്തപുരിയുടെ തിരക്കേറിയ വീഥിക്ക് മാറ്റ് കൂട്ടി ഗണപതി ക്ഷേത്രം മറ്റ് രണ്ട് ദേവാലയങ്ങൾക്കൊപ്പം തല ഉയർത്തി നില്ക്കും .
