കോട്ടയം : കുറവിലങ്ങാട് സ്വദേശിയായ യുവാവിന് കാനഡയില്‍ പോകുന്നതിന് പഞ്ചായത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്യുന്നതിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട ഞീഴൂര്‍ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. വില്ലേജ് ഓഫീസര്‍ ജോര്‍ജ്ജ് ജോണ്‍ (52) ആണ് പിടിയിലായത്.
യുവാവിന് കാനഡയില്‍ പോകുന്നതിന് പഞ്ചായത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്യുന്നതിന് പാലാ ആര്‍ഡിഒ മുമ്പാകെ നല്കിയ അപേക്ഷയില്‍ പരിശോധന നടത്തി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് ജോര്‍ജ്ജ് ജോണ്‍ 1300 കൈക്കൂലി ആവശ്യപ്പെട്ടത്.
വില്ലേജ് ഓഫീസിന്റെ കറണ്ട് ചാര്‍ജ്ജ് അടയ്ക്കാനെന്ന പേരിലാണ് പരാതിക്കാരനോട് പണം ആവശ്യപ്പെട്ടത്. പണം നല്കിയെങ്കില്‍ മാത്രമേ റിപ്പോര്‍ട്ട് ആര്‍ഡിഒയ്ക്ക് അയക്കുയെന്ന് വില്ലേജ് ഓഫീസര്‍ പറഞ്ഞിരുന്നു.
തുടര്‍ന്ന് കുറവിലങ്ങാട് സ്വദേശി വിജിലന്‍സ് ഓഫീസില്‍ പരാതി നല്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പരാതിക്കാരനില്‍ നിന്ന് പണം കൈപ്പറ്റിയ സമയം വിജിലന്‍സ് അറസ്റ്റ് ചെയ്യുകയാ യിരുന്നു. പരാതിയെ തുടര്‍ന്ന്
കിഴക്കന്‍ മേഖല വിജിലന്‍സ് എസ്പി വി.ജി. വിനോദ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇന്‍സ്‌പെക്ടര്‍ പ്രദീപ് എസ്., എസ്‌ഐമാരായ സ്റ്റാന്‍ലി തോമസ്, ജയ്‌മോന്‍ വി.എം., പ്രദീപ്കുമാര്‍, പ്രസാദ് കെ.സി. തുടങ്ങിയവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതിയെ ഇന്ന് കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
