ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം പ്രകടനപത്രിക പുറത്തിറക്കി. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും ചേർന്നാണ് ന്യൂഡൽഹിയിൽ വെച്ച് പ്രകടനപത്രിക പ്രകാശനം ചെയ്തത്. ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി തിരികെ നൽകും എന്നതടക്കമുള്ള നിരവധി വമ്പൻ വാഗ്ദാനങ്ങളാണ് സിപിഐഎമ്മിന്റെ പ്രകടനപത്രികയിൽ ഉള്ളത്.
വിലക്കയറ്റം നിയന്ത്രിക്കും, ഇന്ധന വില കുറയ്ക്കും എന്നിങ്ങനെ തുടങ്ങുന്നതാണ് സിപിഐഎം പ്രകടനപത്രിക നൽകുന്ന വാഗ്ദാനങ്ങൾ. സിഎഎ റദ്ദാക്കും, ഗവർണറെ നിയമിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും, കേന്ദ്രനികുതിയിൽ 50 ശതമാനം സംസ്ഥാനങ്ങൾക്ക് തന്നെ തിരികെ നൽകും, ജിഡിപിയിൽ 60% വിദ്യാഭ്യാസത്തിനായി നീക്കിവെക്കും, സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങൾ പുനസ്ഥാപിക്കും എന്നിങ്ങനെ വാഗ്ദാനങ്ങളുടെ നീണ്ട നിര തന്നെയുണ്ട് സിപിഐഎം പ്രകടനപത്രികയിൽ.
സംസ്ഥാന ചെലവിൽ ഗവർണർമാർ കേന്ദ്ര നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിനുള്ള നീക്കം തടയും എന്നതാണ് സിപിഐഎം നൽകുന്ന മറ്റൊരു പ്രധാന വാഗ്ദാനം. കൂടാതെ സർക്കാർ മേഖലകളിലേതിന് സമാനമായി സ്വകാര്യമേഖലകളിലും സംവരണം ഏർപ്പെടുത്തുമെന്നും സിപിഐഎം വാഗ്ദാനം ചെയ്യുന്നുണ്ട്.
ജാതി സെൻസസ് നടപ്പാക്കും, തെരഞ്ഞെടുപ്പിന് പാർട്ടികൾക്ക് സർക്കാർ ഫണ്ട് ഏർപ്പെടുത്തും, ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി തിരികെ നൽകും, യുഎപിഎ, കള്ളപ്പണ നിരോധന നിയമം എന്നിവ പോലെയുള്ള കിരാത നിയമങ്ങളിൽ മാറ്റം വരുത്തും, കോർപ്പറേറ്റ് സംഭാവന നിരോധിക്കും, കേന്ദ്രത്തിൽ മതേതര സർക്കാരിനെ കൊണ്ടുവരും എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളും സിപിഐഎമ്മിന്റെ പ്രകടനപത്രിക നൽകുന്നു.