മമ്മൂട്ടിക്കൊപ്പം ആദ്യ സിനിമയിൽ; പുലിമുരുകൻ ഉൾപ്പടെ 14 സിനിമകളിൽ വേഷമിട്ടു; വിനോദിന്റെ മരണത്തിൽ ഞെട്ടൽ



കൊച്ചി : ടിക്കറ്റില്ലാതെ യാത്ര ചെയ്തത് തടഞ്ഞതിന് അന്യസംസ്ഥാനത്തൊഴിലാളി കൊലപ്പെടുത്തിയ ടിടിഇ കെ വിനോദ് മലയാള സിനിമയിലും സജീവം. മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങൾ ഉൾപ്പടെ 14 സിനിമകളിലാണ് വിനോദ് വേഷമിട്ടിട്ടുള്ളത്.

മമ്മൂട്ടി ചിത്രം ഗ്യാങ്സ്റ്ററിലൂടെയാണ് അഭിനയരംഗത്തേക്ക് ചുവടുവച്ചത്. ചിത്രത്തിന്റെ സംവിധായകൻ ആഷിഖ് അബുവിന്റെ സഹപാഠിയായിരുന്നു വിനോദ്. ഈ സൗഹൃദമാണ് സിനിമയിലേക്ക് വഴിതുറക്കുന്നത്. മമ്മൂട്ടിയുടെ ഗുണ്ടാസംഘത്തിലെ പ്രധാനിയുടെ വേഷത്തിലാണ് വിനോദ് എത്തിയത്.

പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ എത്തി. മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. കൂടാതെ ഹൗ ഓള്‍ഡ് ആര്‍ യൂ, വിക്രമാദിത്യന്‍, ജോസഫ്, നല്ല നിലാവുള്ള രാത്രി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. സോഷ്യല്‍മീഡിയകളിലെ സിനിമാ ഗ്രൂപ്പുകളിലും സജീവമായിരുന്നു വിനോദ്.

വിനോദിന്റെ മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി സാന്ദ്ര തോമസ് രംഗത്തെത്തി. വിനോദിന്റെ കൊലപാതകം തന്നെ ഞെട്ടിച്ചെന്നും. ഒന്നും പറയാനാവാത്ത അവസ്ഥയിലാണെ ന്നുമാണ് സാന്ദ്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. തന്റെ അവസാനത്തെ ചിത്രമായ നല്ല നിലാവുള്ള രാത്രിയില്‍ അദ്ദേഹം വേഷമിട്ടിരുന്നതായും സാന്ദ്ര പറഞ്ഞു.

പാട്ന എക്‌സ്പ്രസ്‌ ട്രെയിനിൽ ഇന്നലെയാണ് ദാരുണസംഭവമുണ്ടായത്. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ ഇതര സംസ്ഥാന തൊഴിലാളിയായ യാത്രക്കാരൻ വിനോദിനെ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു. സംഭവത്തിൽ ഒഡിഷ സ്വദേശിയായ രജനീകാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!